(7) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവരുടെ തിന്‍മകള്‍ അവരില്‍ നിന്ന് നാം മായ്ച്ചുകളയുക തന്നെ ചെയ്യും. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും നല്ലതിനുള്ള പ്രതിഫലം അവര്‍ക്ക് നാം നല്‍കുന്നതുമാണ്.
(8) തന്‍റെ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കാന്‍ മനുഷ്യനോട് നാം അനുശാസിച്ചിരിക്കുന്നു. നിനക്ക് യാതൊരു അറിവുമില്ലാത്ത ഒന്നിനെ എന്നോട് പങ്കുചേര്‍ക്കുവാന്‍ അവര്‍ (മാതാപിതാക്കള്‍) നിന്നോട് നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടാല്‍ അവരെ നീ അനുസരിച്ച് പോകരുത്. എന്‍റെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്.
(9) വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങളള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവരെ നാം സദ്‌വൃത്തരുടെ കൂട്ടത്തില്‍ ഉള്‍പെടുത്തുക തന്നെ ചെയ്യും.
(10) ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. എന്ന് പറയുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അവര്‍ പീഡിപ്പിക്കപ്പെട്ടാല്‍ ജനങ്ങളുടെ മര്‍ദ്ദനത്തെ അല്ലാഹുവിന്‍റെ ശിക്ഷയെപ്പോലെ അവര്‍ ഗണിക്കുന്നു. നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് വല്ല സഹായവും വന്നാല്‍ (സത്യവിശ്വാസികളോട്) അവര്‍ പറയും: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയായിരുന്നു. ലോകരുടെ ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനല്ലയോ?
(11) വിശ്വസിച്ചിട്ടുള്ളവരാരെന്ന് അല്ലാഹു അറിയുക തന്നെ ചെയ്യും. കപടന്‍മാരെയും അല്ലാഹു അറിയും.
(12) നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗം പിന്തുടരൂ, നിങ്ങളുടെ തെറ്റുകുറ്റങ്ങള്‍ ഞങ്ങള്‍ വഹിച്ചുകൊള്ളാം എന്ന് സത്യനിഷേധികള്‍ സത്യവിശ്വാസികളോട് പറഞ്ഞു. എന്നാല്‍ അവരുടെ തെറ്റുകുറ്റങ്ങളില്‍ നിന്ന് യാതൊന്നും തന്നെ ഇവര്‍ വഹിക്കുന്നതല്ല. തീര്‍ച്ചയായും ഇവര്‍ കള്ളം പറയുന്നവരാകുന്നു.
(13) തങ്ങളുടെ പാപഭാരങ്ങളും സ്വന്തം പാപഭാരങ്ങളോടൊപ്പം വെറെയും പാപഭാരങ്ങളും അവര്‍ വഹിക്കേണ്ടിവരും. അവര്‍ കെട്ടിച്ചമച്ചിരുന്നതിനെപ്പറ്റി ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്.
(14) നൂഹിനെ നാം അദ്ദേഹത്തിന്‍റെ ജനതയിലേക്ക് അയക്കുകയുണ്ടായി. അമ്പതുകൊല്ലം ഒഴിച്ചാല്‍ ആയിരം വര്‍ഷം തന്നെ അദ്ദേഹം അവര്‍ക്കിടയില്‍ കഴിച്ചുകൂട്ടി. അങ്ങനെ അവര്‍ അക്രമികളായിരിക്കെ പ്രളയം അവരെ പിടികൂടി.