(48) അവര്‍ക്ക് നാം ഓരോ ദൃഷ്ടാന്തവും കാണിച്ചുകൊടുത്തു കൊണ്ടിരുന്നത് അതിന്‍റെ ഇണയെക്കാള്‍ മഹത്തരമായിക്കൊണ്ട് തന്നെയായിരുന്നു. അവര്‍ (ഖേദിച്ചു) മടങ്ങുവാന്‍ വേണ്ടി നാം അവരെ ശിക്ഷകള്‍ മുഖേന പിടികൂടുകയും ചെയ്തു.
(49) അവര്‍ പറഞ്ഞു: ഹേ, ജാലവിദ്യക്കാരാ! താങ്കളുമായി താങ്കളുടെ രക്ഷിതാവ് കരാര്‍ ചെയ്തിട്ടുള്ളതനുസരിച്ച് ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ അവനോട് പ്രാര്‍ത്ഥിക്കുക. തീര്‍ച്ചയായും ഞങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നവര്‍ തന്നെയാകുന്നു.
(50) എന്നിട്ട് അവരില്‍ നിന്ന് നാം ശിക്ഷ എടുത്തുകളഞ്ഞപ്പോള്‍ അവരതാ വാക്കുമാറുന്നു.
(51) ഫിര്‍ഔന്‍ തന്‍റെ ജനങ്ങള്‍ക്കിടയില്‍ ഒരു വിളംബരം നടത്തി. അവന്‍ പറഞ്ഞു: എന്‍റെ ജനങ്ങളേ, ഈജിപ്തിന്‍റെ ആധിപത്യം എനിക്കല്ലേ? ഈ നദികള്‍ ഒഴുകുന്നതാകട്ടെ എന്‍റെ കീഴിലൂടെയാണ്. എന്നിരിക്കെ നിങ്ങള്‍ (കാര്യങ്ങള്‍) കണ്ടറിയുന്നില്ലേ?
(52) അല്ല, ഹീനനായിട്ടുള്ളവനും വ്യക്തമായി സംസാരിക്കാന്‍ കഴിയാത്തവനുമായ ഇവനെക്കാള്‍ ഉത്തമന്‍ ഞാന്‍ തന്നെയാകുന്നു.
(53) അപ്പോള്‍ ഇവന്‍റെ മേല്‍ സ്വര്‍ണവളകള്‍ അണിയിക്കപ്പെടുകയോ, ഇവനോടൊപ്പം തുണയായികൊണ്ട് മലക്കുകള്‍ വരികയോ ചെയ്യാത്തതെന്താണ്?
(54) അങ്ങനെ ഫിര്‍ഔന്‍ തന്‍റെ ജനങ്ങളെ വിഡ്ഢികളാക്കി. അവര്‍ അവനെ അനുസരിച്ചു. തീര്‍ച്ചയായും അവര്‍ അധര്‍മ്മകാരികളായ ഒരു ജനതയായിരുന്നു.
(55) അങ്ങനെ അവര്‍ നമ്മെ പ്രകോപിപ്പിച്ചപ്പോള്‍ നാം അവരെ ശിക്ഷിച്ചു. അവരെ നാം മുക്കി നശിപ്പിച്ചു.
(56) അങ്ങനെ അവരെ പൂര്‍വ്വമാതൃകയും പിന്നീട് വരുന്നവര്‍ക്ക് ഒരു ഉദാഹരണവും ആക്കിത്തീര്‍ത്തു.
(57) മര്‍യമിന്‍റെ മകന്‍ ഒരു ഉദാഹരണമായി എടുത്തുകാണിക്കപ്പെട്ടപ്പോള്‍ നിന്‍റെ ജനതയതാ അതിന്‍റെ പേരില്‍ ആര്‍ത്തുവിളിക്കുന്നു.
(58) ഞങ്ങളുടെ ദൈവങ്ങളാണോ ഉത്തമം, അതല്ല, അദ്ദേഹമാണോ എന്നവര്‍ പറയുകയും ചെയ്തു. അവര്‍ നിന്‍റെ മുമ്പില്‍ അതെടുത്തു കാണിച്ചത് ഒരു തര്‍ക്കത്തിനായി മാത്രമാണ്. എന്നു തന്നെയല്ല അവര്‍ പിടിവാശിക്കാരായ ഒരു ജനവിഭാഗമാകുന്നു.
(59) അദ്ദേഹം നമ്മുടെ ഒരു ദാസന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് നാം അനുഗ്രഹം നല്‍കുകയും അദ്ദേഹത്തെ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം ഒരു മാതൃകയാക്കുകയും ചെയ്തു.
(60) നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ (നിങ്ങളുടെ) പിന്‍തലമുറയായിരിക്കത്തക്കവിധം നിങ്ങളില്‍ നിന്നു തന്നെ നാം മലക്കുകളെ ഭൂമിയില്‍ ഉണ്ടാക്കുമായിരുന്നു.