(36) സത്യനിഷേധികള്‍ നിന്നെ കണ്ടാല്‍, ഇവനാണോ നിങ്ങളുടെ ദൈവങ്ങളെ ആക്ഷേപിച്ച് സംസാരിക്കുന്നവന്‍ എന്ന് പറഞ്ഞ് കൊണ്ട് നിന്നെ തമാശയാക്കുക മാത്രമായിരിക്കും ചെയ്യുന്നത്. അവര്‍ തന്നെയാണ് പരമകാരുണികന്‍റെ ഉല്‍ബോധനത്തില്‍ അവിശ്വസിക്കുന്നവര്‍.
(37) ധൃതികൂട്ടുന്നവനായിട്ടാകുന്നു മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എന്‍റെ ദൃഷ്ടാന്തങ്ങള്‍ വഴിയെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നതാണ്. അതിനാല്‍ നിങ്ങള്‍ എന്നോട് ധൃതികൂട്ടരുത്.
(38) അവര്‍ ചോദിക്കുന്നു; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഈ വാഗ്ദാനം എപ്പോഴാണ് (പുലരുക) എന്ന്.
(39) ആ അവിശ്വാസികള്‍, അവര്‍ക്ക് തങ്ങളുടെ മുഖങ്ങളില്‍ നിന്നും മുതുകുകളില്‍ നിന്നും നരകാഗ്നിയെ തടുക്കാനാവാത്ത, അവര്‍ക്ക് ഒരു സഹായവും സിദ്ധിക്കാത്ത ഒരു സന്ദര്‍ഭത്തെപ്പറ്റി മനസ്സിലാക്കിയിരുന്നെങ്കില്‍!
(40) അല്ല, പെട്ടന്നായിരിക്കും അത് (അന്ത്യസമയം) അവര്‍ക്ക് വന്നെത്തുന്നത് . അങ്ങനെ അതവരെ അമ്പരപ്പിച്ച് കളയും. അതിനെ തടുത്ത് നിര്‍ത്താന്‍ അവര്‍ക്ക് സാധിക്കുകയില്ല. അവര്‍ക്ക് ഇടകൊടുക്കപ്പെടുകയുമില്ല.
(41) നിനക്ക് മുമ്പ് പല ദൈവദൂതന്‍മാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ട് അവരെ പുച്ഛിച്ച് തള്ളിയവര്‍ക്ക് തങ്ങള്‍ പരിഹസിച്ച് കൊണ്ടിരുന്നത് (ശിക്ഷ) വന്നെത്തുക തന്നെ ചെയ്തു.
(42) (നബിയേ,) പറയുക: പരമകാരുണികനില്‍ നിന്ന് രാത്രിയും പകലും നിങ്ങള്‍ക്ക് രക്ഷനല്‍കാനാരുണ്ട്? അല്ല, അവര്‍ (ജനങ്ങള്‍) തങ്ങളുടെ രക്ഷിതാവിന്‍റെ ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരാകുന്നു.
(43) അതല്ല, നമുക്ക് പുറമെ അവരെ സംരക്ഷിക്കുന്ന വല്ല ദൈവങ്ങളും അവര്‍ക്കുണ്ടോ? സ്വദേഹങ്ങള്‍ക്ക് തന്നെ സഹായം ചെയ്യാന്‍ അവര്‍ക്ക് (ദൈവങ്ങള്‍ക്ക്) സാധിക്കുകയില്ല. നമ്മുടെ ഭാഗത്ത് നിന്നും അവര്‍ തുണക്കപ്പെടുകയുമില്ല.
(44) അല്ല, ഇവര്‍ക്കും ഇവരുടെ പിതാക്കള്‍ക്കും നാം ജീവിതസുഖം നല്‍കി. അങ്ങനെ അവര്‍ ദീര്‍ഘകാലം ജീവിച്ചു. എന്നാല്‍ ആ ഭൂപ്രദേശത്തെ അതിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നും നാം ചുരുക്കിക്കൊണ്ട് വരുന്നത് ഇവര്‍ കാണുന്നില്ലേ ? എന്നിട്ടും ഇവര്‍ തന്നെയാണോ വിജയം പ്രാപിക്കുന്നവര്‍?