(23) അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും.
(24) അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഇറങ്ങിപ്പോകൂ. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളായിരിക്കും. നിങ്ങള്‍ക്ക് ഭൂമിയില്‍ വാസസ്ഥലമുണ്ട്. ഒരു നിശ്ചിതസമയം വരെ ജീവിതസൌകര്യങ്ങളുമുണ്ട്.
(25) അവന്‍ പറഞ്ഞു: അതില്‍ (ഭൂമിയില്‍) തന്നെ നിങ്ങള്‍ ജീവിക്കും. അവിടെ തന്നെ നിങ്ങള്‍ മരിക്കും. അവിടെ നിന്ന് തന്നെ നിങ്ങള്‍ പുറത്ത് കൊണ്ട് വരപ്പെടുകയും ചെയ്യും.
(26) ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച് മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്.
(27) ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന് പുറത്താക്കിയത് പോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന് അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു.
(28) അവര്‍ വല്ല നീചവൃത്തിയും ചെയ്താല്‍, ഞങ്ങളുടെ പിതാക്കള്‍ അതില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ടെന്നും, അല്ലാഹു ഞങ്ങളോട് കല്‍പിച്ചതാണത് എന്നുമാണവര്‍ പറയുക. (നബിയേ,) പറയുക: നീചവൃത്തി ചെയ്യുവാന്‍ അല്ലാഹു കല്‍പിക്കുകയേയില്ല. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്ക് വിവരമില്ലാത്തത് പറഞ്ഞുണ്ടാക്കുകയാണോ?
(29) പറയുക: എന്‍റെ രക്ഷിതാവ് നീതിപാലിക്കാനാണ് കല്‍പിച്ചിട്ടുള്ളത്. എല്ലാ ആരാധനാവേളയിലും (അഥവാ എല്ലാ ആരാധനാലയങ്ങളിലും) നിങ്ങളുടെ മുഖങ്ങളെ ശരിയാം വിധം (അവനിലേക്ക് തിരിച്ച്) നിര്‍ത്തുകയും കീഴ്‌വണക്കം അവന് മാത്രമാക്കി കൊണ്ട് അവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുവിന്‍. നിങ്ങളെ അവന്‍ ആദ്യമായി സൃഷ്ടിച്ചുണ്ടാക്കിയതുപോലുള്ള അവസ്ഥയിലേക്ക് തന്നെ നിങ്ങള്‍ മടങ്ങുന്നതാകുന്നു.
(30) ഒരു വിഭാഗത്തെ അവന്‍ നേര്‍വഴിയിലാക്കിയിരിക്കുന്നു. ഒരു വിഭാഗമാകട്ടെ വഴിപിഴക്കാന്‍ അര്‍ഹരായിരിക്കുന്നു. അല്ലാഹുവിനെ വിട്ട് പിശാചുക്കളെയാണ് അവര്‍ രക്ഷാധികാരികളാക്കി വെച്ചിരിക്കുന്നത്. തങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചവരാണെന്ന് അവര്‍ വിചാരിക്കുകയും ചെയ്യുന്നു.