(89) അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം (ഖുര്‍ആന്‍) അല്ലാഹുവിങ്കല്‍ നിന്ന് അവര്‍ക്ക് വന്നുകിട്ടിയപ്പോള്‍ (അവരത് തള്ളിക്കളയുകയാണ് ചെയ്തത്). അവരാകട്ടെ (അത്തരം ഒരു ഗ്രന്ഥവുമായി വരുന്ന പ്രവാചകന്‍ മുഖേന) അവിശ്വാസികള്‍ക്കെതിരില്‍ വിജയം നേടികൊടുക്കുവാന്‍ വേണ്ടി മുമ്പ് (അല്ലാഹുവിനോട്) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അവര്‍ക്ക് സുപരിചിതമായ ആ സന്ദേശം വന്നെത്തിയപ്പോള്‍ അവരത് നിഷേധിക്കുകയാണ് ചെയ്തത്. അതിനാല്‍ ആ നിഷേധികള്‍ക്കത്രെ അല്ലാഹുവിന്റെ ശാപം.
(90) അല്ലാഹു തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഇച്ഛിക്കുന്നവരുടെ മേല്‍ തന്റെ അനുഗ്രഹം ഇറക്കികൊടുക്കുന്നതിലുള്ള ഈര്‍ഷ്യ നിമിത്തം അല്ലാഹു അവതരിപ്പിച്ച സന്ദേശത്തെ അവിശ്വസിക്കുക വഴി തങ്ങളുടെ ആത്മാക്കളെ വിറ്റുകൊണ്ടവര്‍ വാങ്ങിയ വില എത്ര ചീത്ത! അങ്ങനെ അവര്‍ കോപത്തിനു മേല്‍ കോപത്തിനു പാത്രമായി തീര്‍ന്നു. സത്യനിഷേധികള്‍ക്കത്രെ നിന്ദ്യമായ ശിക്ഷയുള്ളത്.
(91) അല്ലാഹു അവതരിപ്പിച്ചതില്‍ (ഖുര്‍ആനില്‍) നിങ്ങള്‍ വിശ്വസിക്കൂ എന്ന് അവരോട് പറയപ്പെട്ടാല്‍, ഞങ്ങള്‍ക്ക് അവതീര്‍ണ്ണമായ സന്ദേശത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട് എന്നാണവര്‍ പറയുക. അതിനപ്പുറമുള്ളത് അവര്‍ നിഷേധിക്കുകയും ചെയ്യുന്നു. അവരുടെ പക്കലുള്ള വേദത്തെ ശരിവെക്കുന്ന സത്യസന്ദേശമാണ് താനും അത് (ഖുര്‍ആന്‍). (നബിയേ,) പറയുക: നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ പിന്നെ എന്തിനായിരുന്നു മുമ്പൊക്കെ അല്ലാഹുവിന്റെ പ്രവാചകന്‍മാരെ നിങ്ങള്‍ വധിച്ചുകൊണ്ടിരുന്നത്?
(92) സ്പഷ്ടമായ തെളിവുകളും കൊണ്ട് മൂസാ നിങ്ങളുടെ അടുത്ത് വരികയുണ്ടായി. എന്നിട്ടതിന് ശേഷവും നിങ്ങള്‍ അന്യായമായിക്കൊണ്ട് കാളക്കുട്ടിയെ ദൈവമാക്കുകയാണല്ലോ ചെയ്തത്.
(93) നിങ്ങളോട് നാം കരാര്‍ വാങ്ങുകയും, നിങ്ങള്‍ക്കു മീതെ പര്‍വ്വതത്തെ നാം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത സന്ദര്‍ഭവും (ശ്രദ്ധിക്കുക). നിങ്ങള്‍ക്ക് നാം നല്‍കിയ സന്ദേശം മുറുകെപിടിക്കുകയും (നമ്മുടെ കല്‍പനകള്‍) ശ്രദ്ധിച്ചു കേള്‍ക്കുകയും ചെയ്യുക (എന്ന് നാം അനുശാസിച്ചു). അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ കേട്ടിരിക്കുന്നു. അനുസരിക്കേണ്ടെന്നു വെക്കുകയും ചെയ്തിരിക്കുന്നു. അവരുടെ നിഷേധസ്വഭാവത്തിന്റെ ഫലമായി കാളക്കുട്ടിയോടുള്ള ഭക്തി അവരുടെ മനസ്സുകളില്‍ ലയിച്ചു ചേര്‍ന്നു കഴിഞ്ഞിരുന്നു. (നബിയേ,) പറയുക: നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ ആ വിശ്വാസം നിങ്ങളോട് നിര്‍ദേശിക്കുന്ന കാര്യം വളരെ ചീത്തതന്നെ.