التوبة At-Tawba
(1) ബഹുദൈവവിശ്വാസികളില്‍ നിന്ന് ആരുമായി നിങ്ങള്‍ കരാറില്‍ ഏര്‍പെട്ടിട്ടുണ്ടോ അവരോട് അല്ലാഹുവിന്‍റെയും അവന്‍റെ ദൂതന്‍റെയും ഭാഗത്ത് നിന്നുള്ള ബാധ്യത ഒഴിഞ്ഞതായി ഇതാ പ്രഖ്യാപിക്കുന്നു.
(2) അതിനാല്‍ (ബഹുദൈവവിശ്വാസികളേ,) നിങ്ങള്‍ നാലുമാസക്കാലം ഭൂമിയില്‍ യഥേഷ്ടം സഞ്ചരിച്ച് കൊള്ളുക. നിങ്ങള്‍ക്ക് അല്ലാഹുവിനെ തോല്‍പിക്കാനാവില്ലെന്നും, സത്യനിഷേധികള്‍ക്കു അല്ലാഹു അപമാനം വരുത്തുന്നതാണെന്നും നിങ്ങള്‍ അറിഞ്ഞിരിക്കുകയും ചെയ്യുക.
(3) മഹത്തായ ഹജ്ജിന്‍റെ ദിവസത്തില്‍ മനുഷ്യരോട് (പൊതുവായി) അല്ലാഹുവിന്‍റെയും റസൂലിന്‍റെയും ഭാഗത്തുനിന്ന് ഇതാ അറിയിക്കുകയും ചെയ്യുന്നു; അല്ലാഹുവിനും അവന്‍റെ ദൂതന്നും ബഹുദൈവവിശ്വാസികളോട് യാതൊരു ബാധ്യതയുമില്ലെന്ന്. എന്നാല്‍ (ബഹുദൈവവിശ്വാസികളേ,) നിങ്ങള്‍ പശ്ചാത്തപിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍ നിങ്ങള്‍ക്ക് അല്ലാഹുവെ തോല്‍പിക്കാനാവില്ലെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുക. (നബിയേ,) സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി നീ സന്തോഷവാര്‍ത്ത അറിയിക്കുക.
(4) എന്നാല്‍ ബഹുദൈവവിശ്വാസികളുടെ കൂട്ടത്തില്‍ നിന്ന് നിങ്ങള്‍ കരാറില്‍ ഏര്‍പെടുകയും, എന്നിട്ട് നിങ്ങളോട് (അത് പാലിക്കുന്നതില്‍) യാതൊരു ന്യൂനതയും വരുത്താതിരിക്കുകയും, നിങ്ങള്‍ക്കെതിരില്‍ ആര്‍ക്കും സഹായം നല്‍കാതിരിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്ന് ഒഴിവാണ്. അപ്പോള്‍ അവരോടുള്ള കരാര്‍ അവരുടെ കാലാവധിവരെ നിങ്ങള്‍ നിറവേറ്റുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
(5) അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.
(6) ബഹുദൈവവിശ്വാസികളില്‍ വല്ലവനും നിന്‍റെ അടുക്കല്‍ അഭയം തേടി വന്നാല്‍ അല്ലാഹുവിന്‍റെ വചനം അവന്‍ കേട്ടു ഗ്രഹിക്കാന്‍ വേണ്ടി അവന്ന് അഭയം നല്‍കുക. എന്നിട്ട് അവന്ന് സുരക്ഷിതത്വമുള്ള സ്ഥലത്ത് അവനെ എത്തിച്ചുകൊടുക്കുകയും ചെയ്യുക. അവര്‍ അറിവില്ലാത്ത ഒരു ജനവിഭാഗമാണ് എന്നതു കൊണ്ടാണത്.