(126) അല്ലാഹു പറയും: അങ്ങനെതന്നെയാകുന്നു. നിനക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വന്നെത്തുകയുണ്ടായി. എന്നിട്ട് നീ അത് മറന്നുകളഞ്ഞു. അത് പോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു.
(127) അതിരുകവിയുകയും, തന്‍റെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് അപ്രകാരമാണ് നാം പ്രതിഫലം നല്‍കുന്നത്. പരലോകത്തെ ശിക്ഷ കൂടുതല്‍ കഠിനമായതും നിലനില്‍ക്കുന്നതും തന്നെയാകുന്നു.
(128) അവര്‍ക്ക് മുമ്പ് നാം എത്രയോ തലമുറകളെ നശിപ്പിച്ച് കളഞ്ഞിട്ടുണ്ട് എന്ന വസ്തുത അവര്‍ക്ക് മാര്‍ഗദര്‍ശകമായിട്ടില്ലേ ? അവരുടെ വാസസ്ഥലങ്ങളില്‍ കൂടി ഇവര്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നുണ്ട്. ബുദ്ധിമാന്‍മാര്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.
(129) നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു വാക്കും നിശ്ചിതമായ ഒരു അവധിയും മുമ്പേ പ്രഖ്യാപിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ അത് (ശിക്ഷാനടപടി ഇവര്‍ക്കും) അനിവാര്യമാകുമായിരുന്നു.
(130) ആയതിനാല്‍ ഇവര്‍ പറയുന്നതിനെ പറ്റി ക്ഷമിക്കുക. സൂര്യോദയത്തിനു മുമ്പും, സൂര്യാസ്തമയത്തിന് മുമ്പും നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക. രാത്രിയില്‍ ചില നാഴികകളിലും, പകലിന്‍റെ ചില ഭാഗങ്ങളിലും നീ അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക. നിനക്ക് സംതൃപ്തി കൈവന്നേക്കാം.
(131) അവരില്‍ (മനുഷ്യരില്‍) പല വിഭാഗങ്ങള്‍ക്ക് നാം ഐഹികജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക് നിന്‍റെ ദൃഷ്ടികള്‍ നീ പായിക്കരുത്. അതിലൂടെ നാം അവരെ പരീക്ഷിക്കാന്‍ (ഉദ്ദേശിക്കുന്നു.) നിന്‍റെ രക്ഷിതാവ് നല്‍കുന്ന ഉപജീവനമാകുന്നു കൂടുതല്‍ ഉത്തമവും നിലനില്‍ക്കുന്നതും.
(132) നിന്‍റെ കുടുംബത്തോട് നീ നമസ്കരിക്കാന്‍ കല്‍പിക്കുകയും, അതില്‍(നമസ്കാരത്തില്‍) നീ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നല്‍കുകയാണ് ചെയ്യുന്നത്. ധര്‍മ്മനിഷ്ഠയ്ക്കാകുന്നു ശുഭപര്യവസാനം.
(133) അവര്‍ പറഞ്ഞു: അദ്ദേഹം (പ്രവാചകന്‍) എന്തുകൊണ്ട് ഞങ്ങള്‍ക്ക് തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു ദൃഷ്ടാന്തം കൊണ്ട് വന്ന് തരുന്നില്ല? പൂര്‍വ്വഗ്രന്ഥങ്ങളിലെ പ്രത്യക്ഷമായ തെളിവ് അവര്‍ക്ക് വന്നുകിട്ടിയില്ലേ?
(134) ഇതിനു മുമ്പ് വല്ല ശിക്ഷ കൊണ്ടും നാം അവരെ നശിപ്പിച്ചിരുന്നുവെങ്കില്‍ അവര്‍ പറയുമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ, നീ എന്തുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഒരു ദൂതനെ അയച്ചുതന്നില്ല? എങ്കില്‍ ഞങ്ങള്‍ അപമാനിതരും നിന്ദിതരുമായിത്തീരുന്നതിന് മുമ്പ് നിന്‍റെ ദൃഷ്ടാന്തങ്ങളെ ഞങ്ങള്‍ പിന്തുടരുമായിരുന്നു.
(135) (നബിയേ,) പറയുക: എല്ലാവരും കാത്തിരിക്കുന്നവരാകുന്നു. നിങ്ങളും കാത്തിരിക്കുക. നേരായ പാതയുടെ ഉടമകളാരെന്നും സന്‍മാര്‍ഗം പ്രാപിച്ചവരാരെന്നും അപ്പോള്‍ നിങ്ങള്‍ക്ക് അറിയാറാകും.