(16) അപ്രകാരം വ്യക്തമായ ദൃഷ്ടാന്തങ്ങളായിക്കൊണ്ട് നാം ഇത് (ഗ്രന്ഥം) അവതരിപ്പിച്ചിരിക്കുന്നു. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലേക്ക് നയിക്കുന്നതുമാണ്.
(17) സത്യവിശ്വാസികള്‍, യഹൂദന്‍മാര്‍, സാബീമതക്കാര്‍, ക്രിസ്ത്യാനികള്‍, മജൂസികള്‍, ബഹുദൈവവിശ്വാസികള്‍ എന്നിവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
(18) ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്‍വ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില്‍ കുറെപേരും അല്ലാഹുവിന് പ്രണാമം അര്‍പ്പിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? (വേറെ) കുറെ പേരുടെ കാര്യത്തില്‍ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു.
(19) ഈ രണ്ടു വിഭാഗം രണ്ട് എതിര്‍കക്ഷികളാകുന്നു. തങ്ങളുടെ രക്ഷിതാവിന്‍റെ കാര്യത്തില്‍ അവര്‍ എതിര്‍വാദക്കാരായി. എന്നാല്‍ അവിശ്വസിച്ചവരാരോ അവര്‍ക്ക് അഗ്നികൊണ്ടുള്ള വസ്ത്രങ്ങള്‍ മുറിച്ചുകൊടുക്കപ്പെടുന്നതാണ്. അവരുടെ തലയ്ക്കുമീതെ തിളയ്ക്കുന്ന വെള്ളം ചൊരിയപ്പെടുന്നതാണ്.
(20) അതു നിമിത്തം അവരുടെ വയറുകളിലുള്ളതും ചര്‍മ്മങ്ങളും ഉരുക്കപ്പെടും.
(21) അവര്‍ക്ക് ഇരുമ്പിന്‍റെ ദണ്ഡുകളുമുണ്ടായിരിക്കും.
(22) അതില്‍ നിന്ന് കഠിനക്ലേശം നിമിത്തം പുറത്ത് പോകാന്‍ അവര്‍ ഉദ്ദേശിക്കുമ്പോഴെല്ലാം അതിലേക്ക് തന്നെ അവര്‍ മടക്കപ്പെടുന്നതാണ്. എരിച്ച് കളയുന്ന ശിക്ഷ നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക. (എന്ന് അവരോട് പറയപ്പെടുകയും ചെയ്യും.)
(23) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ, താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ തീര്‍ച്ചയായും അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്. അവര്‍ക്കവിടെ സ്വര്‍ണവളകളും മുത്തും അണിയിക്കപ്പെടുന്നതാണ്. പട്ടായിരിക്കും അവര്‍ക്ക് അവിടെയുള്ള വസ്ത്രം.