(55) ആ സ്ത്രീകള്‍ക്ക് തങ്ങളുടെ പിതാക്കളുമായോ, പുത്രന്‍മാരുമായോ, സഹോദരന്‍മാരുമായോ, സഹോദരപുത്രന്‍മാരുമായോ, സഹോദരീ പുത്രന്‍മാരുമായോ, തങ്ങളുടെ കൂട്ടത്തില്‍പെട്ട സ്ത്രീകളുമായോ, തങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുമായോ ഇടപഴകുന്നതിന് വിരോധമില്ല. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
(56) തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്‍റെ മേല്‍ (അല്ലാഹുവിന്‍റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക.
(57) അല്ലാഹുവെയും അവന്‍റെ റസൂലിനെയും ദ്രോഹിക്കുന്നവരാരോ അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ക്കുവേണ്ടി അപമാനകരമായ ശിക്ഷ അവന്‍ ഒരുക്കിവെച്ചിട്ടുമുണ്ട്.
(58) സത്യവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അവര്‍ (തെറ്റായ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവര്‍ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്.
(59) നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
(60) കപടവിശ്വാസികളും, തങ്ങളുടെ ഹൃദയങ്ങളില്‍ രോഗമുള്ളവരും, നുണ പ്രചരിപ്പിച്ച് മദീനയില്‍ കുഴപ്പം ഇളക്കിവിടുന്നവരും (അതില്‍ നിന്ന്) വിരമിക്കാത്ത പക്ഷം അവര്‍ക്കു നേരെ നിന്നെ നാം തിരിച്ചുവിടുക തന്നെ ചെയ്യും. പിന്നെ അവര്‍ക്ക് നിന്‍റെ അയല്‍വാസികളായി അല്‍പം മാത്രമേ അവിടെ കഴിക്കാനൊക്കൂ.
(61) അവര്‍ ശാപം ബാധിച്ച നിലയിലായിരിക്കും. എവിടെ വെച്ച് കണ്ടുമുട്ടിയാലും അവര്‍ പിടിക്കപ്പെടുകയും, കൊന്നൊടുക്കപ്പെടുകയും ചെയ്യും.
(62) മുമ്പ് കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച അതേ നടപടിക്രമം തന്നെ. അല്ലാഹുവിന്‍റെ നടപടിക്രമത്തിന് യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല.