(12) സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.
(13) ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
(14) ഗ്രാമീണ അറബികള്‍ പറയുന്നു; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്. നീ പറയുക: നിങ്ങള്‍ വിശ്വസിച്ചിട്ടില്ല. എന്നാല്‍ ഞങ്ങള്‍ കീഴിപെട്ടിരിക്കുന്നു. എന്ന് നിങ്ങള്‍ പറഞ്ഞു കൊള്ളുക. വിശ്വാസം നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിച്ചുകഴിഞ്ഞിട്ടില്ല. അല്ലാഹുവെയും അവന്‍റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മ്മഫലങ്ങളില്‍ നിന്ന് യാതൊന്നും അവന്‍ കുറവ് വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
(15) അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരാരോ അവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍.
(16) നീ പറയുക: നിങ്ങളുടെ മതത്തെപ്പറ്റി നിങ്ങള്‍ അല്ലാഹുവെ പഠിപ്പിക്കുകയാണോ? അല്ലാഹുവാകട്ടെ ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അറിയുന്നു. അല്ലാഹു ഏത് കാര്യത്തെപറ്റിയും അറിയുന്നവനാകുന്നു.
(17) അവര്‍ ഇസ്ലാം മതം സ്വീകരിച്ചു എന്നത് അവര്‍ നിന്നോട് കാണിച്ച ദാക്ഷിണ്യമായി അവര്‍ എടുത്തുപറയുന്നു. നീ പറയുക: നിങ്ങള്‍ ഇസ്ലാം സ്വീകരിച്ചതിനെ എന്നോട് കാണിച്ച ദാക്ഷിണ്യമായി എടുത്ത് പറയരുത്. പ്രത്യുത, സത്യവിശ്വാസത്തിലേക്ക് നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി എന്നത് അല്ലാഹു നിങ്ങളോട് ദാക്ഷിണ്യം കാണിക്കുന്നതാകുന്നു. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (ഇത് നിങ്ങള്‍ അംഗീകരിക്കുക)
(18) തീര്‍ച്ചയായും അല്ലാഹു ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യകാര്യം അറിയുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനുമാകുന്നു അല്ലാഹു.