(12) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്ത്കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്; തീര്‍ച്ച. സത്യനിഷേധികളാകട്ടെ (ഇഹലോകത്ത്) സുഖമനുഭവിക്കുകയും നാല്‍കാലികള്‍ തിന്നുന്നത് പോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. നരകമാണ് അവര്‍ക്കുള്ള വാസസ്ഥലം.
(13) നിന്നെ പുറത്താക്കിയ നിന്‍റെ രാജ്യത്തെക്കാള്‍ ശക്തിയേറിയ എത്രയെത്ര രാജ്യങ്ങള്‍! അവരെ നാം നശിപ്പിച്ചു. അപ്പോള്‍ അവര്‍ക്കൊരു സഹായിയുമുണ്ടായിരുന്നില്ല.
(14) തന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സ്പഷ്ടമായ തെളിവനുസരിച്ച് നിലകൊള്ളുന്ന ഒരാള്‍ സ്വന്തം ദുഷ് പ്രവൃത്തി അലംകൃതമായി തോന്നുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്ത ഒരുവനെ പോലെയാണോ?
(15) സൂക്ഷ്മതയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്‍റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്‍റെ അരുവികളുണ്ട്. രുചിഭേദം വരാത്ത പാലിന്‍റെ അരുവികളും, കുടിക്കുന്നവര്‍ക്ക് ആസ്വാദ്യമായ മദ്യത്തിന്‍റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്‍റെ അരുവികളുമുണ്ട്. അവര്‍ക്കതില്‍ എല്ലാതരം കായ്കനികളുമുണ്ട്. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവുമുണ്ട്. (ഈ സ്വര്‍ഗവാസികളുടെ അവസ്ഥ) നരകത്തില്‍ നിത്യവാസിയായിട്ടുള്ളവനെപ്പോലെ ആയിരിക്കുമോ? അത്തരക്കാര്‍ക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരിക്കും കുടിക്കാന്‍ നല്‍കപ്പെടുക. അങ്ങനെ അത് അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും.
(16) അവരുടെ കൂട്ടത്തില്‍ നീ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുന്ന ചിലരുണ്ട്. എന്നാല്‍ നിന്‍റെ അടുത്ത് നിന്ന് അവര്‍ പുറത്ത് പോയാല്‍ വേദ വിജ്ഞാനം നല്‍കപ്പെട്ടവരോട് അവര്‍ (പരിഹാസപൂര്‍വ്വം) പറയും: എന്താണ് ഇദ്ദേഹം ഇപ്പോള്‍ പറഞ്ഞത്? അത്തരക്കാരുടെ ഹൃദയങ്ങളിന്‍മേലാകുന്നു അല്ലാഹു മുദ്രവെച്ചിരിക്കുന്നത്. തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയാണവര്‍ ചെയ്തത്.
(17) സന്‍മാര്‍ഗം സ്വീകരിച്ചവരാകട്ടെ അല്ലാഹു അവര്‍ക്ക് കൂടുതല്‍ മാര്‍ഗദര്‍ശനം നല്‍കുകയും, അവര്‍ക്ക് വേണ്ടതായ സൂക്ഷ്മത അവര്‍ക്കു നല്‍കുകയും ചെയ്യുന്നതാണ്.
(18) ഇനി ആ (അന്ത്യ) സമയം പെട്ടെന്ന് അവര്‍ക്ക് വന്നെത്തുന്നതല്ലാതെ മറ്റുവല്ലതും അവര്‍ക്കു കാത്തിരിക്കാനുണ്ടോ? എന്നാല്‍ അതിന്‍റെ അടയാളങ്ങള്‍ വന്നു കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ അത് അവര്‍ക്കു വന്നുകഴിഞ്ഞാല്‍ അവര്‍ക്കുള്ള ഉല്‍ബോധനം അവര്‍ക്കെങ്ങനെ പ്രയോജനപ്പെടും?
(19) ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക. നിന്‍റെ പാപത്തിന് നീ പാപമോചനം തേടുക. സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും വേണ്ടിയും (പാപമോചനംതേടുക.) നിങ്ങളുടെ പോക്കുവരവും നിങ്ങളുടെ താമസവും അല്ലാഹു അറിയുന്നുണ്ട്