(144) അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, എന്‍റെ സന്ദേശങ്ങള്‍കൊണ്ടും, എന്‍റെ (നേരിട്ടുള്ള) സംസാരം കൊണ്ടും തീര്‍ച്ചയായും നിന്നെ ജനങ്ങളില്‍ ഉല്‍കൃഷ്ടനായി ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ഞാന്‍ നിനക്ക് നല്‍കിയത് സ്വീകരിക്കുകയും നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക.
(145) എല്ലാകാര്യത്തെപ്പറ്റിയും നാം അദ്ദേഹത്തിന് (മൂസായ്ക്ക്) പലകകളില്‍ എഴുതികൊടുക്കുകയും ചെയ്തു. അതായത് സദുപദേശവും, എല്ലാ കാര്യത്തെപ്പറ്റിയുള്ള വിശദീകരണവും. (നാം പറഞ്ഞു:) അവയെ മുറുകെപിടിക്കുകയും, അവയിലെ വളരെ നല്ല കാര്യങ്ങള്‍ സ്വീകരിക്കാന്‍ നിന്‍റെ ജനതയോട് കല്‍പിക്കുകയും ചെയ്യുക. ധിക്കാരികളുടെ പാര്‍പ്പിടം വഴിയെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നതാണ്.
(146) ന്യായം കൂടാതെ ഭൂമിയില്‍ അഹങ്കാരം നടിച്ച് കൊണ്ടിരിക്കുന്നവരെ എന്‍റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് ഞാന്‍ തിരിച്ചുകളയുന്നതാണ്. എല്ലാ ദൃഷ്ടാന്തവും കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ലണേര്‍മാര്‍ഗം കണ്ടാല്‍ അവര്‍ അതിനെ മാര്‍ഗമായി സ്വീകരിക്കുകയില്ല. ദുര്‍മാര്‍ഗം കണ്ടാല്‍ അവരത് മാര്‍ഗമായി സ്വീകരിക്കുകയും ചെയ്യും. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ നിഷേധിച്ച് തള്ളുകയും , അവയെപ്പറ്റി അവര്‍ അശ്രദ്ധരായിരിക്കുകയും ചെയ്തതിന്‍റെ ഫലമാണത്.
(147) നമ്മുടെ ദൃഷ്ടാന്തങ്ങളെയും, പരലോകത്തെ കണ്ടുമുട്ടുന്നതിനെയും നിഷേധിച്ച് കളഞ്ഞവരാരോ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്‍റെ ഫലമല്ലാതെ അവര്‍ക്കു നല്‍കപ്പെടുമോ?
(148) മൂസായുടെ ജനത അദ്ദേഹം പോയതിനു ശേഷം അവരുടെ ആഭരണങ്ങള്‍ കൊണ്ടുണ്ടാക്കിയ മുക്രയിടുന്ന ഒരു കാളക്കുട്ടിയുടെ സ്വരൂപത്തെ ദൈവമായി സ്വീകരിച്ചു. അതവരോട് സംസാരിക്കുകയില്ലെന്നും, അവര്‍ക്ക് വഴി കാണിക്കുകയില്ലെന്നും അവര്‍ കണ്ടില്ലേ? അതിനെ അവര്‍ (ദൈവമായി) സ്വീകരിക്കുകയും അതോടെ അവര്‍ അക്രമികളാവുകയും ചെയ്തിരിക്കുന്നു.
(149) അവര്‍ക്കു ഖേദം തോന്നുകയും, തങ്ങള്‍ പിഴച്ച് പോയിരിക്കുന്നു എന്ന് അവര്‍ കാണുകയും ചെയ്തപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവ് ഞങ്ങളോട് കരുണ കാണിക്കുകയും, ഞങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്തിട്ടില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടക്കാരില്‍ പെട്ടവരായിരിക്കും.