(71) വേദക്കാരേ, നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടികലര്‍ത്തുകയും, അറിഞ്ഞുകൊണ്ട് സത്യം മറച്ചു വെക്കുകയും ചെയ്യുന്നത്?
(72) വേദക്കാരില്‍ ഒരു വിഭാഗം (സ്വന്തം അനുയായികളോട്) പറഞ്ഞു: ഈ വിശ്വാസികള്‍ക്ക് അവതരിപ്പിക്കപ്പെട്ടതില്‍ പകലിന്‍റെ ആരംഭത്തില്‍ നിങ്ങള്‍ വിശ്വസിച്ചുകൊള്ളുക. പകലിന്‍റെ അവസാനത്തില്‍ നിങ്ങളത് അവിശ്വസിക്കുകയും ചെയ്യുക. (അത് കണ്ട്) അവര്‍ (വിശ്വാസികള്‍) പിന്‍മാറിയേക്കാം.
(73) നിങ്ങളുടെ മതത്തെ പിന്‍പറ്റിയവരെയല്ലാതെ നിങ്ങള്‍ വിശ്വസിച്ചു പോകരുത്- (നബിയേ,) പറയുക: (ശരിയായ) മാര്‍ഗദര്‍ശനം അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനമത്രെ-(വേദക്കാരായ) നിങ്ങള്‍ക്ക് നല്‍കപ്പെട്ടതു പോലുള്ളത് (വേദഗ്രന്ഥം) മറ്റാര്‍ക്കെങ്കിലും നല്‍കപ്പെടുമെന്നോ നിങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ അവരാരെങ്കിലും നിങ്ങളോട് ന്യായവാദം നടത്തുമെന്നോ (നിങ്ങള്‍ വിശ്വസിക്കരുത് എന്നും ആ വേദക്കാര്‍ പറഞ്ഞു) . (നബിയേ,) പറയുക: തീര്‍ച്ചയായും അനുഗ്രഹം അല്ലാഹുവിന്‍റെ കയ്യിലാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു.
(74) അവന്‍ ഉദ്ദേശിക്കുന്നവരോട് അവന്‍ പ്രത്യേകം കരുണ കാണിക്കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹം ചെയ്യുന്നവനാകുന്നു.
(75) ഒരു സ്വര്‍ണക്കൂമ്പാരം തന്നെ വിശ്വസിച്ചേല്‍പിച്ചാലും അത് നിനക്ക് തിരിച്ചുനല്‍കുന്ന ചിലര്‍ വേദക്കാരിലുണ്ട്. അവരില്‍ തന്നെ മറ്റൊരു തരക്കാരുമുണ്ട്. അവരെ ഒരു ദീനാര്‍ നീ വിശ്വസിച്ചേല്‍പിച്ചാല്‍ പോലും നിരന്തരം (ചോദിച്ചു കൊണ്ട്) നിന്നെങ്കിലല്ലാതെ അവരത് നിനക്ക് തിരിച്ചുതരികയില്ല. അക്ഷരജ്ഞാനമില്ലാത്ത ആളുകളുടെ കാര്യത്തില്‍ (അവരെ വഞ്ചിക്കുന്നതില്‍) ഞങ്ങള്‍ക്ക് കുറ്റമുണ്ടാകാന്‍ വഴിയില്ലെന്ന് അവര്‍ പറഞ്ഞതിനാലത്രെ അത്. അവര്‍ അല്ലാഹുവിന്‍റെ പേരില്‍ അറിഞ്ഞ് കൊണ്ട് കള്ളം പറയുകയാകുന്നു.
(76) അല്ല, വല്ലവനും തന്‍റെ കരാര്‍ നിറവേറ്റുകയും ധര്‍മ്മനിഷ്ഠപാലിക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു ധര്‍മ്മനിഷ്ഠപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
(77) അല്ലാഹുവോടുള്ള കരാറും സ്വന്തം ശപഥങ്ങളും തുച്ഛവിലയ്ക്ക് വില്‍ക്കുന്നവരാരോ അവര്‍ക്ക് പരലോകത്തില്‍ യാതൊരു ഓഹരിയുമില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ, അവരുടെ നേര്‍ക്ക് (കാരുണ്യപൂര്‍വ്വം) നോക്കുകയോ ചെയ്യുന്നതല്ല. അവന്‍ അവര്‍ക്ക് വിശുദ്ധി നല്‍കുന്നതുമല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്.