(9) സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍.
(10) അങ്ങനെ നമസ്കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിച്ചു കൊള്ളുകയും, അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്ന് തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
(11) അവര്‍ ഒരു കച്ചവടമോ വിനോദമോ കണ്ടാല്‍ അവയുടെ അടുത്തേക്ക് പിരിഞ്ഞ് പോകുകയും നിന്നനില്‍പില്‍ നിന്നെ വിട്ടേക്കുകയും ചെയ്യുന്നതാണ്. നീ പറയുക: അല്ലാഹുവിന്‍റെ അടുക്കലുള്ളത് വിനോദത്തെക്കാളും കച്ചവടത്തെക്കാളും ഉത്തമമാകുന്നു. അല്ലാഹു ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാകുന്നു.
المنافقون Al-Munaafiqoon
(1) കപട വിശ്വാസികള്‍ നിന്‍റെ അടുത്ത് വന്നാല്‍ അവര്‍ പറയും: തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്‍റെ ദൂതനാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിന്നറിയാം തീര്‍ച്ചയായും നീ അവന്‍റെ ദൂതനാണെന്ന്. തീര്‍ച്ചയായും മുനാഫിഖുകള്‍ (കപടന്‍മാര്‍) കള്ളം പറയുന്നവരാണ് എന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.
(2) അവര്‍ അവരുടെ ശപഥങ്ങളെ ഒരു പരിചയാക്കിയിരിക്കയാണ്. അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അവര്‍ പ്രവര്‍ത്തിക്കുന്നത് എത്രയോ ചീത്ത തന്നെ.
(3) അത്, അവര്‍ ആദ്യം വിശ്വസിക്കുകയും പിന്നീട് അവിശ്വസിക്കുകയും ചെയ്തതിന്‍റെ ഫലമത്രെ. അങ്ങനെ അവരുടെ ഹൃദയങ്ങളിന്‍മേല്‍ മുദ്രവെക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവര്‍ (കാര്യം) ഗ്രഹിക്കുകയില്ല.
(4) നീ അവരെ കാണുകയാണെങ്കില്‍ അവരുടെ ശരീരങ്ങള്‍ നിന്നെ അത്ഭുതപ്പെടുത്തും. അവര്‍ സംസാരിക്കുന്ന പക്ഷം നീ അവരുടെ വാക്ക് കേട്ടിരുന്നു പോകും. അവര്‍ ചാരിവെച്ച മരത്തടികള്‍ പോലെയാകുന്നു. എല്ലാ ഒച്ചയും തങ്ങള്‍ക്കെതിരാണെന്ന് അവര്‍ വിചാരിക്കും. അവരാകുന്നു ശത്രു. അവരെ സൂക്ഷിച്ചു കൊള്ളുക. അല്ലാഹു അവരെ നശിപ്പിക്കട്ടെ. എങ്ങനെയാണവര്‍ വഴിതെറ്റിക്കപ്പെടുന്നത്?