(24) (മറ്റുള്ളവരുടെ) വിവാഹബന്ധത്തിലിരിക്കുന്ന സ്ത്രീകളും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമസ്ത്രീകള്‍) ഒഴികെ. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ നിയമമത്രെ ഇത്. അതിന്നപ്പുറമുള്ള സ്ത്രീകളുമായി നിങ്ങളുടെ ധനം (മഹ്‌റായി) നല്‍കിക്കൊണ്ട് നിങ്ങള്‍ (വിവാഹബന്ധം) തേടുന്നത് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ വൈവാഹിക ജീവിതം ലക്ഷ്യമാക്കുന്നവരായിരിക്കണം. നീചവൃത്തി ആഗ്രഹിക്കുന്നവരാകരുത്. അങ്ങനെ അവരില്‍ നിന്ന് നിങ്ങള്‍ വല്ല സുഖവുമനുഭവിച്ചാല്‍ അവര്‍ക്കുള്ള വിവാഹമൂല്യം ഒരു ബാധ്യത എന്ന നിലയില്‍ നിങ്ങള്‍ നല്‍കേണ്ടതാണ്. ബാധ്യത (വിവാഹമൂല്യം) നിശ്ചയിച്ചതിനു ശേഷം നിങ്ങള്‍ അന്യോന്യം തൃപ്തിപ്പെട്ട് വല്ല വിട്ടുവീഴ്ചയും ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
(25) നിങ്ങളിലാര്‍ക്കെങ്കിലും സത്യവിശ്വാസിനികളായ സ്വതന്ത്രസ്ത്രീകളെ വിവാഹം കഴിക്കാന്‍ സാമ്പത്തിക ശേഷിയില്ലെങ്കില്‍ നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയ സത്യവിശ്വാസിനികളായ ദാസിമാരില്‍ ആരെയെങ്കിലും (ഭാര്യമാരായി സ്വീകരിക്കാവുന്നതാണ്.) അല്ലാഹുവാകുന്നു നിങ്ങളുടെ വിശ്വാസത്തെപ്പറ്റി നന്നായി അറിയുന്നവന്‍. നിങ്ങളില്‍ ചിലര്‍ ചിലരില്‍ നിന്നുണ്ടായവരാണല്ലോ. അങ്ങനെ അവരെ (ആ ദാസിമാരെ) അവരുടെ രക്ഷാകര്‍ത്താക്കളുടെ അനുമതിപ്രകാരം നിങ്ങള്‍ വിവാഹം കഴിച്ച് കൊള്ളുക. അവരുടെ വിവാഹമൂല്യം മര്യാദപ്രകാരം അവര്‍ക്ക് നിങ്ങള്‍ നല്‍കുകയും ചെയ്യുക. മ്ലേച്ഛവൃത്തിയില്‍ ഏര്‍പെടാത്തവരും രഹസ്യവേഴ്ചക്കാരെ സ്വീകരിക്കാത്തവരുമായ പതിവ്രതകളായിരിക്കണം അവര്‍. അങ്ങനെ അവര്‍ വൈവാഹിക ജീവിതത്തിന്‍റെ സംരക്ഷണത്തിലായിക്കഴിഞ്ഞിട്ട് അവര്‍ മ്ലേച്ഛവൃത്തിയില്‍ ഏര്‍പെടുന്ന പക്ഷം സ്വതന്ത്രസ്ത്രീകള്‍ക്കുള്ളതിന്‍റെ പകുതി ശിക്ഷ അവര്‍ക്കുണ്ടായിരിക്കും. നിങ്ങളുടെ കൂട്ടത്തില്‍ (വിവാഹം കഴിച്ചില്ലെങ്കില്‍) വിഷമിക്കുമെന്ന് ഭയപ്പെടുന്നവര്‍ക്കാകുന്നു അത്. (അടിമസ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കാനുള്ള അനുവാദം.) എന്നാല്‍ നിങ്ങള്‍ ക്ഷമിച്ചിരിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
(26) നിങ്ങള്‍ക്ക് (കാര്യങ്ങള്‍) വിവരിച്ചുതരുവാനും, നിങ്ങളുടെ മുന്‍ഗാമികളുടെ നല്ല നടപടികള്‍ നിങ്ങള്‍ക്ക് കാട്ടിത്തരുവാനും നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുവാനും, അല്ലാഹു ഉദ്ദേശിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.