(79) അദ്ദേഹം പറഞ്ഞു: അല്ലാഹുവില്‍ ശരണം. നമ്മുടെ സാധനം ആരുടെ കയ്യില്‍ കണ്ടെത്തിയോ അവനെയല്ലാതെ നാം പിടിച്ച് വെക്കുകയോ? എങ്കില്‍ തീര്‍ച്ചയായും നാം അക്രമകാരികള്‍ തന്നെയായിരിക്കും.
(80) അങ്ങനെ അവനെ (സഹോദരനെ) പ്പറ്റി അവര്‍ നിരാശരായി കഴിഞ്ഞപ്പോള്‍ അവര്‍ തനിച്ച് മാറിയിരുന്ന് കൂടിയാലോചന നടത്തി. അവരില്‍ വലിയ ആള്‍ പറഞ്ഞു: നിങ്ങളുടെ പിതാവ് അല്ലാഹുവിന്‍റെ പേരില്‍ നിങ്ങളോട് ഉറപ്പ് വാങ്ങിയിട്ടുണ്ടെന്നും, യൂസുഫിന്‍റെ കാര്യത്തില്‍ മുമ്പ് നിങ്ങള്‍ വീഴ്ചവരുത്തിയിട്ടുണ്ടെന്നും നിങ്ങള്‍ക്കറിഞ്ഞ് കൂടെ? അതിനാല്‍ എന്‍റെ പിതാവ് എനിക്ക് അനുവാദം തരികയോ, അല്ലാഹു എനിക്ക് വിധി തരികയോ ചെയ്യുന്നത് വരെ ഞാന്‍ ഈ ഭൂപ്രദേശം വിട്ടുപോരുകയേ ഇല്ല. വിധികര്‍ത്താക്കളില്‍ ഏറ്റവും ഉത്തമനത്രെ അവന്‍.
(81) നിങ്ങള്‍ നിങ്ങളുടെ പിതാവിന്‍റെ അടുത്തേക്ക് മടങ്ങിച്ചെന്നിട്ട് പറയൂ. ഞങ്ങളുടെ പിതാവേ, താങ്കളുടെ മകന്‍ മോഷണം നടത്തിയിരിക്കുന്നു. ഞങ്ങള്‍ അറിഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഞങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുള്ളത്. അദൃശ്യകാര്യം ഞങ്ങള്‍ക്ക് അറിയുമായിരുന്നില്ലല്ലോ.
(82) ഞങ്ങള്‍ പോയിരുന്ന രാജ്യക്കാരോടും, ഞങ്ങള്‍ (ഇങ്ങോട്ട്) ഒന്നിച്ച് യാത്ര ചെയ്ത യാത്രാസംഘത്തോടും താങ്കള്‍ ചോദിച്ച് നോക്കുക. തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു.
(83) അദ്ദേഹം (പിതാവ്) പറഞ്ഞു: അല്ല, നിങ്ങളുടെ മനസ്സുകള്‍ നിങ്ങള്‍ക്ക് എന്തോകാര്യം ഭംഗിയായി തോന്നിച്ചിരിക്കുന്നു. അതിനാല്‍ നന്നായി ക്ഷമിക്കുക തന്നെ. അവരെല്ലാവരെയും അല്ലാഹു എന്‍റെ അടുത്ത് കൊണ്ടുവന്നു തന്നേക്കാവുന്നതാണ്. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
(84) അവരില്‍ നിന്നു തിരിഞ്ഞുകളഞ്ഞിട്ട് അദ്ദേഹം പറഞ്ഞു: യൂസുഫിന്‍റെ കാര്യം എത്ര സങ്കടകരം! ദുഃഖം നിമിത്തം അദ്ദേഹത്തിന്‍റെ ഇരുകണ്ണുകളും വെളുത്ത് പോയി. അങ്ങനെ അദ്ദേഹം (ദുഃഖം) ഉള്ളിലൊതുക്കി കഴിയുകയാണ്.
(85) അവര്‍ പറഞ്ഞു: അല്ലാഹുവിനെ തന്നെയാണ, താങ്കള്‍ തീര്‍ത്തും അവശനാകുകയോ, അല്ലെങ്കില്‍ മരണമടയുകയോ ചെയ്യുന്നതു വരെ താങ്കള്‍ യൂസുഫിനെ ഓര്‍ത്തു കൊണേ്ടയിരിക്കും.
(86) അദ്ദേഹം പറഞ്ഞു: എന്‍റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവോട് മാത്രമാണ് ബോധിപ്പിക്കുന്നത്. അല്ലാഹുവിങ്കല്‍ നിന്നും നിങ്ങള്‍ അറിയാത്ത ചിലത് ഞാനറിയുന്നുമുണ്ട്.