الأعراف Al-A'raaf
(1) അലിഫ്-ലാം-മീം-സ്വാദ്.
(2) (നബിയേ,) നിനക്ക് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമത്രെ ഇത്. അതിനെ സംബന്ധിച്ച് നിന്‍റെ മനസ്സില്‍ ഒരു പ്രയാസവും ഉണ്ടായിരിക്കരുത്. അതു മുഖേന നീ താക്കീത് നല്‍കുവാന്‍ വേണ്ടിയും സത്യവിശ്വാസികള്‍ക്ക് ഉല്‍ബോധനം നല്‍കുവാന്‍ വേണ്ടിയുമാണത്.
(3) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങള്‍ പിന്‍പറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങള്‍ പിന്‍പറ്റരുത്. വളരെ കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ.
(4) എത്രയോ രാജ്യങ്ങളെ നാം നശിപ്പിച്ചിട്ടുണ്ട്. രാത്രിയിലോ, അവര്‍ ഉച്ചയുറക്കത്തിലായിരിക്കുമ്പോഴോ നമ്മുടെ ശിക്ഷ അവര്‍ക്ക് വന്നുഭവിച്ചു.
(5) അവര്‍ക്ക് നമ്മുടെ ശിക്ഷ വന്നുഭവിച്ചപ്പോള്‍ ഞങ്ങള്‍ അക്രമികളായിപ്പോയല്ലോ എന്ന് പറയുക മാത്രമായിരുന്നു അവരുടെ മുറവിളി.
(6) എന്നാല്‍ (നമ്മുടെ ദൂതന്‍മാര്‍) ആര്‍ക്കിടയിലേക്ക് അയക്കപ്പെട്ടുവോ അവരെ തീര്‍ച്ചയായും നാം ചോദ്യം ചെയ്യും. അയക്കപ്പെട്ട ദൂതന്‍മാരെയും തീര്‍ച്ചയായും നാം ചോദ്യം ചെയ്യും.
(7) എന്നിട്ട് ശരിയായ അറിവോടുകൂടി നാം അവര്‍ക്കു (കാര്യം) വിവരിച്ചുകൊടുക്കുന്നതാണ്. ഒരിക്കലും നമ്മുടെ അസാന്നിദ്ധ്യം ഉണ്ടായിട്ടില്ല.
(8) അന്നത്തെ ദിവസം (കര്‍മ്മങ്ങള്‍) തൂക്കികണക്കാക്കുന്നത് സത്യമായിരിക്കും. അപ്പോള്‍ ആരുടെ തുലാസുകള്‍ ഘനം തൂങ്ങിയോ അവരാണ് വിജയികള്‍.
(9) ആരുടെ തുലാസുകള്‍ ഘനം കുറഞ്ഞുവോ അവരാണ് ആത്മനഷ്ടം നേരിട്ടവര്‍. നമ്മുടെ ദൃഷ്ടാന്തങ്ങളുടെ നേരെ അവര്‍ അന്യായം കൈക്കൊണ്ടിരുന്നതിന്‍റെ ഫലമത്രെ അത്.
(10) നിങ്ങള്‍ക്കു നാം ഭൂമിയില്‍ സ്വാധീനം നല്‍കുകയും, നിങ്ങള്‍ക്കവിടെ നാം ജീവിതമാര്‍ഗങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു. കുറച്ച് മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ.
(11) തീര്‍ച്ചയായും നാം നിങ്ങളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. പിന്നീട് നാം മലക്കുകളോട് പറഞ്ഞു: നിങ്ങള്‍ ആദമിനെ പ്രണമിക്കുക. അവര്‍ പ്രണമിച്ചു; ഇബ്ലീസൊഴികെ. അവന്‍ പ്രണമിച്ചവരുടെ കൂട്ടത്തിലായില്ല.