(87) അല്ലാഹു- അവനല്ലാതെ യാതൊരു ദൈവവുമില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ ദിവസത്തേക്ക് അവന്‍ നിങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. അതില്‍ സംശയമേ ഇല്ല. അല്ലാഹുവെക്കാള്‍ സത്യസന്ധമായി വിവരം നല്‍കുന്നവന്‍ ആരുണ്ട്?
(88) എന്നാല്‍ കപടവിശ്വാസികളുടെ കാര്യത്തില്‍ നിങ്ങളെന്താണ് രണ്ട് കക്ഷികളാകുന്നത്? അവര്‍ സമ്പാദിച്ചുണ്ടാക്കിയത് (തിന്‍മ) കാരണം അല്ലാഹു അവരെ തലതിരിച്ചു വിട്ടിരിക്കുകയാണ്. അല്ലാഹു പിഴപ്പിച്ചവരെ നിങ്ങള്‍ നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണോ? അല്ലാഹു ഒരുവനെ പിഴപ്പിച്ചാല്‍ പിന്നെ അവന്ന് ഒരു വഴിയും നീ കണ്ടെത്തുന്നതല്ല.
(89) അവര്‍ അവിശ്വസിച്ചത് പോലെ നിങ്ങളും അവിശ്വസിക്കുകയും, അങ്ങനെ നിങ്ങളെല്ലാം ഒരുപോലെയായിത്തീരുകയും ചെയ്യാനാണ് അവര്‍ കൊതിക്കുന്നത്. അതിനാല്‍ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വന്തം നാട് വിട്ടുവരുന്നതു വരെ അവരില്‍ നിന്ന് നിങ്ങള്‍ മിത്രങ്ങളെ സ്വീകരിച്ച് പോകരുത്. എന്നാല്‍ അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍ നിങ്ങളവരെ പിടികൂടുകയും, അവരെ കണ്ടുമുട്ടിയേടത്തുവെച്ച് നിങ്ങളവരെ കൊലപ്പെടുത്തുകയും ചെയ്യുക. അവരില്‍ നിന്ന് യാതൊരു മിത്രത്തെയും സഹായിയെയും നിങ്ങള്‍ സ്വീകരിച്ചു പോകരുത്.
(90) നിങ്ങളുമായി സഖ്യത്തില്‍ കഴിയുന്ന ഒരു ജനവിഭാഗത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരൊഴികെ. നിങ്ങളോട് യുദ്ധം ചെയ്യാനോ, സ്വന്തം ആള്‍ക്കാരോട് യുദ്ധം ചെയ്യാനോ മനഃപ്രയാസമുള്ളവരായി നിങ്ങളുടെ അടുത്ത് വരുന്നവരും ഒഴികെ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളുടെ മേല്‍ അവര്‍ക്കവന്‍ ശക്തി നല്‍കുകയും, നിങ്ങളോടവര്‍ യുദ്ധത്തില്‍ ഏര്‍പെടുകയും ചെയ്യുമായിരുന്നു. എന്നാല്‍ നിങ്ങളോട് യുദ്ധം ചെയ്യാതെ അവര്‍ വിട്ടൊഴിഞ്ഞ് നില്‍ക്കുകയും, നിങ്ങളുടെ മുമ്പാകെ സമാധാനനിര്‍ദേശം വെക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരായി യാതൊരു മാര്‍ഗവും അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചിട്ടില്ല.
(91) വേറെ ഒരു വിഭാഗത്തെയും നിങ്ങള്‍ കണ്ടെത്തിയേക്കും. നിങ്ങളില്‍ നിന്നും സ്വന്തം ജനതയില്‍ നിന്നും ഒരുപോലെ സുരക്ഷിതരായിക്കഴിയാന്‍ അവര്‍ ആഗ്രഹിക്കുന്നു. കുഴപ്പത്തിലേക്ക് അവര്‍ തിരിച്ചുവിളിക്കപ്പെടുമ്പോഴെല്ലാം അതിലവര്‍ തലകുത്തി വീഴുന്നു. എന്നാല്‍ അവര്‍ നിങ്ങളെ വിട്ട് ഒഴിഞ്ഞ് നില്‍ക്കുകയും, നിങ്ങളുടെ മുമ്പാകെ സമാധാന നിര്‍ദേശം വെക്കുകയും, സ്വന്തം കൈകള്‍ അടക്കിവെക്കുകയും ചെയ്യാത്ത പക്ഷം അവരെ നിങ്ങള്‍ പിടികൂടുകയും, അവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച് നിങ്ങള്‍ കൊലപ്പെടുത്തുകയും ചെയ്യുക. അത്തരക്കാര്‍ക്കെതിരില്‍ നാം നിങ്ങള്‍ക്ക് വ്യക്തമായ ന്യായം നല്‍കിയിരിക്കുന്നു.