(37) നരകത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ അവര്‍ ആഗ്രഹിക്കും. അതില്‍ നിന്ന് പുറത്തുപോകാന്‍ അവര്‍ക്ക് സാധ്യമാവുകയേയില്ല. നിരന്തരമായ ശിക്ഷയാണ് അവര്‍ക്കുള്ളത്.
(38) മോഷ്ടിക്കുന്നവന്‍റെയും മോഷ്ടിക്കുന്നവളുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക. അവര്‍ സമ്പാദിച്ചതിന്നുള്ള പ്രതിഫലവും, അല്ലാഹുവിങ്കല്‍ നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
(39) എന്നാല്‍, അക്രമം ചെയ്ത് പോയതിനു ശേഷം വല്ലവനും പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അല്ലാഹു അവന്‍റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമത്രെ.
(40) ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം അല്ലാഹുവിനാണെന്ന് നിനക്കറിഞ്ഞ് കൂടെ? അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും ചെയ്യുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനത്രെ.
(41) ഓ, റസൂലേ; സത്യനിഷേധത്തിലേക്ക് കുതിച്ചുചെല്ലുന്നവര്‍ (അവരുടെ പ്രവൃത്തി) നിനക്ക് ദുഃഖമുണ്ടാക്കാതിരിക്കട്ടെ. അവര്‍ മനസ്സില്‍ വിശ്വാസം കടക്കാതെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. എന്ന് വായകൊണ്ട് പറയുന്നവരില്‍ പെട്ടവരാകട്ടെ, യഹൂദമതക്കാരില്‍ പെട്ടവരാകട്ടെ, കള്ളം ചെവിയോര്‍ത്ത് കേള്‍ക്കുന്നവരും, നിന്‍റെ അടുത്ത് വരാത്ത മറ്റു ആളുകളുടെ വാക്കുകള്‍ ചെവിയോര്‍ത്തുകേള്‍ക്കുന്നവരുമാണവര്‍. വേദവാക്യങ്ങളെ അവയുടെ സന്ദര്‍ഭങ്ങളില്‍ നിന്നു അവര്‍ മാറ്റിക്കളയുന്നു. അവര്‍ പറയും: ഇതേ വിധി തന്നെയാണ് (നബിയുടെ പക്കല്‍ നിന്ന്) നിങ്ങള്‍ക്ക് നല്‍കപ്പെടുന്നതെങ്കില്‍ അത് സ്വീകരിക്കുക. അതല്ല നല്‍കപ്പെടുന്നതെങ്കില്‍ നിങ്ങള്‍ സൂക്ഷിച്ച് കൊള്ളുക; വല്ലവന്നും നാശം വരുത്താന്‍ അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം അവന്നു വേണ്ടി അല്ലാഹുവില്‍ നിന്ന് യാതൊന്നും നേടിയെടുക്കാന്‍ നിനക്ക് സാധിക്കുന്നതല്ല. അത്തരക്കാരുടെ മനസ്സുകളെ ശുദ്ധീകരിക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടില്ല. അവര്‍ക്ക് ഇഹലോകത്ത് അപമാനമാണുള്ളത്. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.