(19) അല്ലാഹുവിനെതിരില്‍ നിങ്ങള്‍ പൊങ്ങച്ചം കാണിക്കുകയും ചെയ്യരുത്. തീര്‍ച്ചയായും ഞാന്‍ സ്പഷ്ടമായ തെളിവും കൊണ്ട് നിങ്ങളുടെ അടുത്ത് വരാം.
(20) നിങ്ങളെന്നെ കല്ലെറിയാതിരിക്കാന്‍ എന്‍റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവനോട് തീര്‍ച്ചയായും ഞാന്‍ ശരണം തേടിയിരിക്കുന്നു.
(21) നിങ്ങള്‍ക്കെന്നെ വിശ്വാസമായില്ലെങ്കില്‍ എന്നില്‍ നിന്ന് നിങ്ങള്‍ വിട്ടുമാറുക.
(22) ഇക്കൂട്ടര്‍ കുറ്റവാളികളായ ഒരു ജനവിഭാഗമാണെന്നതിനാല്‍ അദ്ദേഹം തന്‍റെ രക്ഷിതാവിനെ വിളിച്ച് (സഹായത്തിനായി) പ്രാര്‍ത്ഥിച്ചു.
(23) (അപ്പോള്‍ അല്ലാഹു നിര്‍ദേശിച്ചു:) എന്‍റെ ദാസന്‍മാരെയും കൊണ്ട് നീ രാത്രിയില്‍ പ്രയാണം ചെയ്തുകൊള്ളുക. തീര്‍ച്ചയായും നിങ്ങള്‍ (ശത്രുക്കളാല്‍) പിന്തുടരപ്പെടുന്നതാണ്.
(24) സമുദ്രത്തെ ശാന്തമായ നിലയില്‍ നീ വിട്ടേക്കുകയും ചെയ്യുക തീര്‍ച്ചയായും അവര്‍ മുക്കിനശിപ്പിക്കപ്പെടാന്‍ പോകുന്ന ഒരു സൈന്യമാകുന്നു.
(25) എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ് അവര്‍ വിട്ടേച്ചു പോയത്.!
(26) (എത്രയെത്ര) കൃഷികളും മാന്യമായ പാര്‍പ്പിടങ്ങളും!
(27) അവര്‍ ആഹ്ലാദപൂര്‍വ്വം അനുഭവിച്ചിരുന്ന (എത്രയെത്ര) സൌഭാഗ്യങ്ങള്‍!
(28) അങ്ങനെയാണത് (കലാശിച്ചത്.) അതെല്ലാം മറ്റൊരു ജനതയ്ക്ക് നാം അവകാശപ്പെടുത്തി കൊടുക്കുകയും ചെയ്തു.
(29) അപ്പോള്‍ അവരുടെ പേരില്‍ ആകാശവും ഭൂമിയും കരഞ്ഞില്ല. അവര്‍ക്ക് ഇടകൊടുക്കപ്പെടുകയുമുണ്ടായില്ല.
(30) ഇസ്രായീല്‍ സന്തതികളെ അപമാനകരമായ ശിക്ഷയില്‍ നിന്ന് നാം രക്ഷിക്കുക തന്നെ ചെയ്തു.
(31) ഫിര്‍ഔനില്‍ നിന്ന്. തീര്‍ച്ചയായും അവന്‍ അഹങ്കാരിയായിരുന്നു. അതിക്രമകാരികളില്‍ പെട്ടവനുമായിരുന്നു.
(32) അറിഞ്ഞു കൊണ്ട് തന്നെ തീര്‍ച്ചയായും അവരെ നാം ലോകരെക്കാള്‍ ഉല്‍കൃഷ്ടരായി തെരഞ്ഞെടുക്കുകയുണ്ടായി.
(33) വ്യക്തമായ പരീക്ഷണം ഉള്‍കൊള്ളുന്ന ചില ദൃഷ്ടാന്തങ്ങള്‍ നാം അവര്‍ക്ക് നല്‍കുകയുമുണ്ടായി.
(34) എന്നാല്‍ ഇക്കൂട്ടരിതാ പറയുന്നു;
(35) നമ്മുടെ ഒന്നാമത്തെ മരണമല്ലാതെ മറ്റൊന്നുമില്ല. നാം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരുമല്ല.
(36) അതിനാല്‍ നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഞങ്ങളുടെ പിതാക്കളെ നിങ്ങള്‍ (ജീവിപ്പിച്ചു) കൊണ്ട് വരിക എന്ന്.
(37) ഇവരാണോ കൂടുതല്‍ മെച്ചപ്പെട്ടവര്‍, അതല്ല തുബ്ബഇന്‍റെ ജനതയും അവര്‍ക്കു മുമ്പുള്ളവരുമാണോ? അവരെയെല്ലാം നാം നശിപ്പിക്കുകയുണ്ടായി. കാരണം അവര്‍ കുറ്റവാളികളായിരുന്നത് തന്നെ.
(38) ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല.
(39) ശരിയായ ഉദ്ദേശത്തോടു കൂടി തന്നെയാണ് നാം അവയെ സൃഷ്ടിച്ചത്. പക്ഷെ അവരില്‍ അധികപേരും അറിയുന്നില്ല.