(75) മലക്കുകള്‍ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം ചെയ്തുകൊണ്ട് സിംഹാസനത്തിന്‍റെ ചുറ്റും വലയം ചെയ്യുന്നതായി നിനക്ക് കാണാം. അവര്‍ക്കിടയില്‍ സത്യപ്രകാരം വിധികല്‍പിക്കപ്പെടും. ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി എന്ന് പറയപ്പെടുകയും ചെയ്യും.
غافر Ghafir
(1) ഹാ-മീം.
(2) ഈ ഗ്രന്ഥത്തിന്‍റെ അവതരണം പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു.
(3) പാപം പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനും വിപുലമായ കഴിവുള്ളവനുമത്രെ അവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവങ്കലേക്ക് തന്നെയാകുന്നു മടക്കം.
(4) സത്യനിഷേധികളല്ലാത്തവര്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ പറ്റി തര്‍ക്കിക്കുകയില്ല. അതിനാല്‍ നാടുകളില്‍ അവരുടെ സ്വൈരവിഹാരം നിന്നെ വഞ്ചിതനാക്കാതിരിക്കട്ടെ.
(5) അവര്‍ക്ക് മുമ്പ് നൂഹിന്‍റെ ജനതയും അവരുടെ ശേഷമുള്ള കക്ഷികളും (സത്യത്തെ) നിഷേധിച്ചു തള്ളിക്കളയുകയുണ്ടായി. ഓരോ സമുദായവും തങ്ങളുടെ റസൂലിനെ പിടികൂടാന്‍ ഉദ്യമിക്കുകയും, അസത്യത്തെകൊണ്ട് സത്യത്തെ തകര്‍ക്കുവാന്‍ വേണ്ടി അവര്‍ തര്‍ക്കം നടത്തുകയും ചെയ്തു. തന്നിമിത്തം ഞാന്‍ അവരെ പിടികൂടി. അപ്പോള്‍ എന്‍റെ ശിക്ഷ എങ്ങനെയുണ്ടായിരുന്നു!
(6) സത്യനിഷേധികളുടെ മേല് , അവര്‍ നരകാവകാശികളാണ് എന്നുള്ള നിന്‍റെ രക്ഷിതാവിന്‍റെ വചനം അപ്രകാരം സ്ഥിരപ്പെട്ട് കഴിഞ്ഞു.
(7) സിംഹാസനം വഹിക്കുന്നവരും അതിന്‍റെ ചുറ്റിലുള്ളവരും (മലക്കുകള്‍) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം നടത്തുകയും അവനില്‍ വിശ്വസിക്കുകയും, വിശ്വസിച്ചവര്‍ക്ക് വേണ്ടി (ഇപ്രകാരം) പാപമോചനം തേടുകയും ചെയ്യുന്നു: ഞങ്ങളുടെ രക്ഷിതാവേ! നിന്‍റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. ആകയാല്‍ പശ്ചാത്തപിക്കുകയും നിന്‍റെ മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ. അവരെ നീ നരകശിക്ഷയില്‍ നിന്ന് കാക്കുകയും ചെയ്യേണമേ.