(14) നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. നിങ്ങളുടെ കൈകളാല്‍ അല്ലാഹു അവരെ ശിക്ഷിക്കുകയും അവരെ അവന്‍ അപമാനിക്കുകയും, അവര്‍ക്കെതിരില്‍ നിങ്ങളെ അവന്‍ സഹായിക്കുകയും, വിശ്വാസികളായ ആളുകളുടെ ഹൃദയങ്ങള്‍ക്ക് അവന്‍ ശമനം നല്‍കുകയും ചെയ്യുന്നതാണ്.
(15) അവരുടെ മനസ്സുകളിലെ രോഷം അവന്‍ നീക്കികളയുകയും ചെയ്യുന്നതാണ്. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരുടെ പശ്ചാത്താപം സ്വീകരിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
(16) അതല്ല, നിങ്ങളില്‍ നിന്ന് സമരം ചെയ്യുകയും, അല്ലാഹുവിന്നും അവന്‍റെ ദൂതന്നും സത്യവിശ്വാസികള്‍ക്കും പുറമെ യാതൊരു രഹസ്യകൂട്ടുകെട്ടും സ്വീകരിക്കാതിരിക്കുകയും ചെയ്തവര്‍ ആരെന്ന് അല്ലാഹു അറിഞ്ഞിട്ടല്ലാതെ നിങ്ങളെ വിട്ടേക്കുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കുകയാണോ? അല്ലാഹുവാകട്ടെ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.
(17) ബഹുദൈവവാദികള്‍ക്ക്, സത്യനിഷേധത്തിന് സ്വയം സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട് അല്ലാഹുവിന്‍റെ പള്ളികള്‍ പരിപാലിക്കാനവകാശമില്ല. അത്തരക്കാരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിരിക്കുന്നു. നരകത്തില്‍ അവര്‍ നിത്യവാസികളായിരിക്കുകയും ചെയ്യും.
(18) അല്ലാഹുവിന്‍റെ പള്ളികള്‍ പരിപാലിക്കേണ്ടത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയല്ലാതെ ഭയപ്പെടാതിരിക്കുകയും ചെയ്തവര്‍ മാത്രമാണ്. എന്നാല്‍ അത്തരക്കാര്‍ സന്‍മാര്‍ഗം പ്രാപിക്കുന്നവരുടെ കൂട്ടത്തിലായേക്കാം.
(19) തീര്‍ത്ഥാടകന്ന് കുടിക്കാന്‍ കൊടുക്കുന്നതും, മസ്ജിദുല്‍ ഹറാം പരിപാലിക്കുന്നതും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനത്തിന് തുല്യമായി നിങ്ങള്‍ കണക്കാക്കിയിരിക്കയാണോ ? അവര്‍ അല്ലാഹുവിങ്കല്‍ ഒരുപോലെയാവുകയില്ല. അല്ലാഹു അക്രമികളായ ആളുകളെ സന്‍മാര്‍ഗത്തിലാക്കുന്നതല്ല.
(20) വിശ്വസിക്കുകയും സ്വദേശം വെടിയുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവര്‍ അല്ലാഹുവിങ്കല്‍ ഏറ്റവും മഹത്തായ പദവിയുള്ളവരാണ്. അവര്‍ തന്നെയാണ് വിജയം പ്രാപിച്ചവര്‍.