(18) ആകാശത്തു നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചു കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു.
(19) അങ്ങനെ അത് (വെള്ളം) കൊണ്ട് നാം നിങ്ങള്‍ക്ക് ഈന്തപ്പനകളുടെയും, മുന്തിരിവള്ളികളുടെയും തോട്ടങ്ങള്‍ വളര്‍ത്തിത്തന്നു. . അവയില്‍ നിങ്ങള്‍ക്ക് ധാരാളം പഴങ്ങളുണ്ട്. അവയില്‍ നിന്ന് നിങ്ങള്‍ തിന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.
(20) സീനാപര്‍വ്വതത്തില്‍ മുളച്ചു വരുന്ന ഒരു മരവും (നാം സൃഷ്ടിച്ചു തന്നിരിക്കുന്നു.) എണ്ണയും, ഭക്ഷണം കഴിക്കുന്നവര്‍ക്ക് കറിയും അത് ഉല്‍പാദിപ്പിക്കുന്നു.
(21) തീര്‍ച്ചയായും നിങ്ങള്‍ക്ക് കന്നുകാലികളില്‍ ഒരു ഗുണപാഠമുണ്ട്. അവയുടെ ഉദരങ്ങളിലുള്ളതില്‍ നിന്ന് നിങ്ങള്‍ക്ക് നാം കുടിക്കാന്‍ തരുന്നു. നിങ്ങള്‍ക്ക് അവയില്‍ ധാരാളം പ്രയോജനങ്ങളുണ്ട്. അവയില്‍ നിന്ന് (മാംസം) നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു.
(22) അവയുടെ പുറത്തും കപ്പലുകളിലും നിങ്ങള്‍ വഹിക്കപ്പെടുകയും ചെയ്യുന്നു.
(23) നൂഹിനെ നാം അദ്ദേഹത്തിന്‍റെ ജനതയിലേക്ക് ദൂതനായി അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
(24) അപ്പോള്‍ അദ്ദേഹത്തിന്‍റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: ഇവന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളേക്കാളുപരിയായി അവന്‍ മഹത്വം നേടിയെടുക്കാന്‍ ആഗ്രഹിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ (ദൂതന്‍മാരായി) മലക്കുകളെ തന്നെ ഇറക്കുമായിരുന്നു. ഞങ്ങളുടെ പൂര്‍വ്വപിതാക്കള്‍ക്കിടയില്‍ ഇങ്ങനെയൊന്ന് ഞങ്ങള്‍ കേട്ടിട്ടില്ല.
(25) ഇവന്‍ ഭ്രാന്ത് ബാധിച്ച ഒരു മനുഷ്യന്‍ മാത്രമാകുന്നു. അതിനാല്‍ കുറച്ചുകാലം വരെ ഇവന്‍റെ കാര്യത്തില്‍ നിങ്ങള്‍ കാത്തിരിക്കുവിന്‍.
(26) അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഇവരെന്നെ നിഷേധിച്ചു തള്ളിയിരിക്കയാല്‍ നീ എന്നെ സഹായിക്കേണമേ.
(27) അപ്പോള്‍ നാം അദ്ദേഹത്തിന് ഇപ്രകാരം ബോധനം നല്‍കി: നമ്മുടെ മേല്‍നോട്ടത്തിലും, നമ്മുടെ നിര്‍ദേശമനുസരിച്ചും നീ കപ്പല്‍ നിര്‍മിച്ചു കൊള്ളുക. അങ്ങനെ നമ്മുടെ കല്‍പന വരുകയും, അടുപ്പില്‍ നിന്ന് ഉറവ് പൊട്ടുകയും ചെയ്താല്‍ എല്ലാ വസ്തുക്കളില്‍ നിന്നും രണ്ട് ഇണകളെയും, നിന്‍റെ കുടുംബത്തെയും നീ അതില്‍ കയറ്റികൊള്ളുക. അവരുടെ കൂട്ടത്തില്‍ ആര്‍ക്കെതിരില്‍ (ശിക്ഷയുടെ) വചനം മുന്‍കൂട്ടി ഉണ്ടായിട്ടുണ്ടോ അവരൊഴികെ. അക്രമം ചെയ്തവരുടെ കാര്യത്തില്‍ നീ എന്നോട് സംസാരിച്ചു പോകരുത്. തീര്‍ച്ചയായും അവര്‍ മുക്കി നശിപ്പിക്കപ്പെടുന്നതാണ്.