(101) നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ വചനങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടുകൊണ്ടിരിക്കെ, നിങ്ങള്‍ക്കിടയില്‍ അവന്‍റെ ദൂതനുണ്ടായിരിക്കെ നിങ്ങളെങ്ങനെ അവിശ്വാസികളാകും? ആര്‍ അല്ലാഹുവെ മുറുകെപിടിക്കുന്നുവോ അവന്‍ നേര്‍മാര്‍ഗത്തിലേക്ക് നയിക്കപ്പെട്ടിരിക്കുന്നു.
(102) സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്.
(103) നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഡത്തിന്‍റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി.
(104) നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍.
(105) വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന് ശേഷം പല കക്ഷികളായി പിരിഞ്ഞ് ഭിന്നിച്ചവരെപ്പോലെ നിങ്ങളാകരുത്. അവര്‍ക്കാണ് കനത്ത ശിക്ഷയുള്ളത്.
(106) ചില മുഖങ്ങള്‍ വെളുക്കുകയും, ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തില്‍. എന്നാല്‍ മുഖങ്ങള്‍ കറുത്തു പോയവരോട് പറയപ്പെടും: വിശ്വാസം സ്വീകരിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിക്കുകയാണോ ചെയ്തത്? എങ്കില്‍ നിങ്ങള്‍ അവിശ്വാസം സ്വീകരിച്ചതിന്‍റെ ഫലമായി ശിക്ഷ അനുഭവിച്ചു കൊള്ളുക.
(107) എന്നാല്‍ മുഖങ്ങള്‍ വെളുത്തു തെളിഞ്ഞവര്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിലായിരിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കുന്നതാണ്.
(108) അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളത്രെ അവ. സത്യപ്രകാരം നാം അവ നിനക്ക് ഓതികേള്‍പിച്ചു തരുന്നു. ലോകരോട് ഒരു അനീതിയും കാണിക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല.