(77) എന്നാല്‍ അവര്‍ക്കറിഞ്ഞുകൂടേ; അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതുമെല്ലാം അല്ലാഹു അറിയുന്നുണ്ടെന്ന് ?
(78) അക്ഷരജ്ഞാനമില്ലാത്ത ചില ആളുകളും അവരില്‍ (ഇസ്രായീല്യരില്‍) ഉണ്ട്. ചില വ്യാമോഹങ്ങള്‍ വെച്ച് പുലര്‍ത്തുന്നതല്ലാതെ വേദ ഗ്രന്ഥത്തെപ്പറ്റി അവര്‍ക്ക് ഒന്നുമറിയില്ല. അവര്‍ ഊഹത്തെ അവലംബമാക്കുക മാത്രമാണ് ചെയ്യുന്നത്.
(79) എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത് മുഖേന വില കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്.) അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക് നാശം.
(80) അവര്‍ (യഹൂദര്‍) പറഞ്ഞു: എണ്ണപ്പെട്ട ദിവസങ്ങളിലല്ലാതെ ഞങ്ങളെ നരക ശിക്ഷ ബാധിക്കുകയേ ഇല്ല. ചോദിക്കുക: നിങ്ങള്‍ അല്ലാഹുവിങ്കല്‍നിന്ന് വല്ല കരാറും വാങ്ങിയിട്ടുണ്ടോ ? എന്നാല്‍ തീര്‍ച്ചയായും അല്ലാഹു തന്റെ കരാര്‍ ലംഘിക്കുകയില്ല. അതല്ല, നിങ്ങള്‍ക്ക് അറിവില്ലാത്തത് അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണോ ?
(81) അങ്ങനെയല്ല. ആര്‍ ദുഷ്കൃത്യം ചെയ്യുകയും പാപത്തിന്റെ വലയത്തില്‍ പെടുകയും ചെയ്യുന്നുവോ അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
(82) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തതാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
(83) അല്ലാഹുവെ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം; ജനങ്ങളോട് നല്ല വാക്ക് പറയണം; പ്രാര്‍ത്ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യണം എന്നെല്ലാം നാം ഇസ്രായീല്യരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക). (എന്നാല്‍ ഇസ്രായീല്‍ സന്തതികളേ,) പിന്നീട് നിങ്ങളില്‍ കുറച്ച് പേരൊഴികെ മറ്റെല്ലാവരും വിമുഖതയോടെ പിന്‍മാറിക്കളയുകയാണ് ചെയ്തത്.