(164) അല്ലാഹു നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാന്‍ പോകുന്ന ഒരു ജനവിഭാഗത്തെ നിങ്ങളെന്തിനാണ് ഉപദേശിക്കുന്നത്? എന്ന് അവരില്‍ പെട്ട ഒരു സമൂഹം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക) അവര്‍ മറുപടി പറഞ്ഞു: നിങ്ങളുടെ രക്ഷിതാവിങ്കല്‍ (ഞങ്ങള്‍) അപരാധത്തില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടിയാണ്. ഒരു വേള അവര്‍ സൂക്ഷ്മത പാലിച്ചെന്നും വരാമല്ലോ.
(165) എന്നാല്‍ അവരെ ഓര്‍മപ്പെടുത്തിയിരുന്നത് അവര്‍ മറന്നുകളഞ്ഞപ്പോള്‍ ദുഷ്പ്രവൃത്തിയില്‍ നിന്ന് വിലക്കിയിരുന്നവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളായ ആളുകളെ അവര്‍ ധിക്കാരം കാണിച്ചിരുന്നതിന്‍റെ ഫലമായി നാം കഠിനമായ ശിക്ഷ മുഖേന പിടികൂടുകയും ചെയ്തു.
(166) അങ്ങനെ അവരോട് വിലക്കപ്പെട്ടതിന്‍റെ കാര്യത്തിലെല്ലാം അവര്‍ ധിക്കാരം പ്രവര്‍ത്തിച്ചപ്പോള്‍ നാം അവരോട് പറഞ്ഞു: നിങ്ങള്‍ നിന്ദ്യന്‍മാരായ കുരങ്ങന്‍മാരായിക്കൊള്ളുക.
(167) അവരുടെ (ഇസ്രായീല്യരുടെ) മേല്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ അവര്‍ക്കു ഹീനമായ ശിക്ഷ ഏല്‍പിച്ച് കൊണ്ടിരിക്കുന്നവരെ നിന്‍റെ രക്ഷിതാവ് നിയോഗിക്കുക തന്നെ ചെയ്യുമെന്ന് അവന്‍ പ്രഖ്യാപിച്ച സന്ദര്‍ഭവും ഓര്‍ക്കുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അതിവേഗം ശിക്ഷ നടപ്പാക്കുന്നവനാണ്. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
(168) ഭൂമിയില്‍ അവരെ നാം പല സമൂഹങ്ങളായി പിരിക്കുകയും ചെയ്തിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ സദ്‌വൃത്തരുണ്ട്. അതിന് താഴെയുള്ളവരും അവരിലുണ്ട്. അവര്‍ മടങ്ങേണ്ടതിനായി നാം അവരെ നന്‍മകള്‍കൊണ്ടും തിന്‍മകള്‍ കൊണ്ടും പരീക്ഷിക്കുകയുണ്ടായി.
(169) അനന്തരം അവര്‍ക്ക് ശേഷം അവരുടെ പിന്‍ഗാമികളായി ഒരു തലമുറ രംഗത്ത് വന്നു. അവര്‍ വേദത്തിന്‍റെ അനന്തരാവകാശമെടുത്തു. ഈ നിസ്സാരമായ ലോകത്തിലെ വിഭവങ്ങളാണ് അവര്‍ കൈപ്പറ്റുന്നത്. ഞങ്ങള്‍ക്ക് അതൊക്കെ പൊറുത്തുകിട്ടുന്നതാണ് എന്ന് അവര്‍ പറയുകയും ചെയ്യും. അത്തരത്തിലുള്ള മറ്റൊരു വിഭവം അവര്‍ക്ക് വന്നുകിട്ടുകയാണെങ്കിലും അവരത് സ്വീകരിച്ചേക്കും. അല്ലാഹുവെപ്പറ്റി സത്യമല്ലാതെ ഒന്നും അവര്‍ പറയുകയില്ലെന്ന് വേദഗ്രന്ഥത്തിലൂടെ അവരോട് ഉറപ്പ് മേടിക്കപ്പെടുകയും, അതിലുള്ളത് അവര്‍ വായിച്ചുപഠിക്കുകയും ചെയ്തിട്ടില്ലേ? എന്നാല്‍ പരലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഉത്തമമായിട്ടുള്ളത്. നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നില്ലേ?
(170) വേദഗ്രന്ഥത്തെ മുറുകെപിടിക്കുകയും, പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും ചെയ്യുന്നവരാരോ ആ സല്‍കര്‍മ്മകാരികള്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല; തീര്‍ച്ച.