(275) പലിശ തിന്നുന്നവര്‍ പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ് എന്ന് അവര്‍ പറഞ്ഞതിന്റെ ഫലമത്രെ അത്. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച്) വല്ലവനും (പലിശയില്‍ നിന്ന്) വിരമിച്ചാല്‍ അവന്‍ മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന്ന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്ക് തന്നെ) മടങ്ങുകയാണെങ്കില്‍ അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
(276) അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മ്മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുര്‍വൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.
(277) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് കൊടുക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
(278) സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, പലിശവകയില്‍ ബാക്കി കിട്ടാനുള്ളത് വിട്ടുകളയുകയും ചെയ്യേണ്ടതാണ്. നിങ്ങള്‍ (യഥാര്‍ത്ഥ) വിശ്വാസികളാണെങ്കില്‍.
(279) നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റേയും റസൂലിന്റേയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമര പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കു തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്.
(280) ഇനി (കടം വാങ്ങിയവരില്‍) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല്‍ (അവന്ന്) ആശ്വാസമുണ്ടാകുന്നത് വരെ ഇടകൊടുക്കേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ ദാനമായി (വിട്ടു) കൊടുക്കുന്നതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം; നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍.
(281) നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട് ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്. അവരോട് (ഒട്ടും) അനീതി കാണിക്കപ്പെടുകയില്ല.