(20) സത്യവിശ്വാസികള്‍ പറയും: ഒരു സൂറത്ത് അവതരിപ്പിക്കപ്പെടാത്തതെന്താണ്? എന്നാല്‍ ഖണ്ഡിതമായ നിയമങ്ങളുള്ള ഒരു സൂറത്ത് അവതരിപ്പിക്കപ്പെടുകയും അതില്‍ യുദ്ധത്തെപ്പറ്റി പ്രസ്താവിക്കപ്പെടുകയും ചെയ്താല്‍ ഹൃദയങ്ങളില്‍ രോഗമുള്ളവര്‍, മരണം ആസന്നമായതിനാല്‍ ബോധരഹിതനായ ആള്‍ നോക്കുന്നത് പോലെ നിന്‍റെ നേര്‍ക്ക് നോക്കുന്നതായി കാണാം. എന്നാല്‍ അവര്‍ക്ക് ഏറ്റവും അനുയോജ്യമായത് തന്നെയാണത്.
(21) അനുസരണവും ഉചിതമായ വാക്കുമാണ് വേണ്ടത്. എന്നാല്‍ കാര്യം തീര്‍ച്ചപ്പെട്ടു കഴിഞ്ഞപ്പോള്‍ അവര്‍ അല്ലാഹുവോട് സത്യസന്ധത കാണിച്ചിരുന്നെങ്കില്‍ അതായിരുന്നു അവര്‍ക്ക് കൂടുതല്‍ ഉത്തമം.
(22) എന്നാല്‍ നിങ്ങള്‍ കൈകാര്യകര്‍ത്തൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കുകയും, നിങ്ങളുടെ കുടുംബബന്ധങ്ങള്‍ വെട്ടിമുറിക്കുകയും ചെയ്തേക്കുമോ?
(23) അത്തരക്കാരെയാണ് അല്ലാഹു ശപിച്ചിട്ടുള്ളത്. അങ്ങനെ അവര്‍ക്ക് ബധിരത നല്‍കുകയും, അവരുടെ കണ്ണുകള്‍ക്ക് അന്ധത വരുത്തുകയും ചെയ്തിരിക്കുന്നു.
(24) അപ്പോള്‍ അവര്‍ ഖുര്‍ആന്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്‍മേല്‍ പൂട്ടുകളിട്ടിരിക്കയാണോ?
(25) തങ്ങള്‍ക്ക് സന്‍മാര്‍ഗം വ്യക്തമായി കഴിഞ്ഞ ശേഷം പുറകോട്ട് തിരിച്ചുപോയവരാരോ, അവര്‍ക്ക് പിശാച് (തങ്ങളുടെ ചെയ്തികള്‍) അലംകൃതമായി തോന്നിച്ചിരിക്കുകയാണ്; തീര്‍ച്ച. അവര്‍ക്ക് അവന്‍ (വ്യാമോഹങ്ങള്‍) നീട്ടിയിട്ടു കൊടുക്കുകയും ചെയ്തിരിക്കുന്നു.
(26) അത്, അല്ലാഹു അവതരിപ്പിച്ചത് ഇഷ്ടപ്പെടാത്തവരോട് ചില കാര്യങ്ങളില്‍ ഞങ്ങള്‍ നിങ്ങളുടെ കല്‍പന അനുസരിക്കാമെന്ന് അവര്‍ പറഞ്ഞിട്ടുള്ളത് കൊണ്ടാണ്. അവര്‍ രഹസ്യമാക്കി വെക്കുന്നത് അല്ലാഹു അറിയുന്നു.
(27) അപ്പോള്‍ മലക്കുകള്‍ അവരുടെ മുഖത്തും പിന്‍ഭാഗത്തും അടിച്ചു കൊണ്ട് അവരെ മരിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ എന്തായിരിക്കും അവരുടെ സ്ഥിതി!
(28) അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന് വെറുപ്പുണ്ടാക്കുന്ന കാര്യത്തെ അവര്‍ പിന്തുടരുകയും, അവന്‍റെ പ്രീതി അവര്‍ ഇഷ്ടപ്പെടാതിരിക്കുകയുമാണ് ചെയ്തത്. അതിനാല്‍ അവരുടെ കര്‍മ്മങ്ങളെ അവന്‍ നിഷ്ഫലമാക്കികളഞ്ഞു.
(29) അതല്ല, ഹൃദയങ്ങളില്‍ രോഗമുള്ള ആളുകള്‍ അല്ലാഹു അവരുടെ ഉള്ളിലെ പക വെളിപ്പെടുത്തുകയേയില്ല എന്നാണോ വിചാരിച്ചത്?