(18) ക്ഷണികമായതിനെ (ഇഹലോകത്തെ) യാണ് വല്ലവരും ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക് അഥവാ (അവരില്‍ നിന്ന്) നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം ഉദ്ദേശിക്കുന്നത് ഇവിടെ വെച്ച് തന്നെ വേഗത്തില്‍ നല്‍കുന്നതാണ്. പിന്നെ നാം അങ്ങനെയുള്ളവന്ന് നല്‍കുന്നത് നരകമായിരിക്കും. അപമാനിതനും പുറന്തള്ളപ്പെട്ടവനുമായിക്കൊണ്ട് അവന്‍ അതില്‍ കടന്നെരിയുന്നതാണ്.
(19) ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിന്നു വേണ്ടി അതിന്‍റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും.
(20) ഇക്കൂട്ടരെയും അക്കൂട്ടരെയും എല്ലാം തന്നെ (ഇവിടെ വെച്ച്) നാം സഹായിക്കുന്നതാണ്. നിന്‍റെ രക്ഷിതാവിന്‍റെ ദാനത്തില്‍ പെട്ടതത്രെ അത്. നിന്‍റെ രക്ഷിതാവിന്‍റെ ദാനം തടഞ്ഞ് വെക്കപ്പെടുന്നതല്ല.
(21) നാം അവരില്‍ ചിലരെ മറ്റുചിലരെക്കാള്‍ മെച്ചപ്പെട്ടവരാക്കിയിരിക്കുന്നത് എങ്ങനെയെന്ന് നോക്കൂ. പരലോകജീവിതം ഏറ്റവും വലിയ പദവിയുള്ളതും, ഏറ്റവും വലിയ ഉല്‍കൃഷ്ടതയുള്ളതും തന്നെയാകുന്നു.
(22) അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നീ സ്ഥാപിക്കരുത്. എങ്കില്‍ അപമാനിതനും കയ്യൊഴിക്കപ്പെട്ടവനുമായി നീ ഇരിക്കേണ്ടി വരും.
(23) തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്‍റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക.
(24) കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക.
(25) നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മനസ്സുകളിലുള്ളത് നല്ലവണ്ണം അറിയുന്നവനാണ്. നിങ്ങള്‍ നല്ലവരായിരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ഖേദിച്ചുമടങ്ങുന്നവര്‍ക്ക് ഏറെ പൊറുത്തുകൊടുക്കുന്നവനാകുന്നു.
(26) കുടുംബബന്ധമുള്ളവന്ന് അവന്‍റെ അവകാശം നീ നല്‍കുക. അഗതിക്കും വഴിപോക്കന്നും (അവരുടെ അവകാശവും) . നീ (ധനം) ദുര്‍വ്യയം ചെയ്ത് കളയരുത്.
(27) തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച് തന്‍റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു.