(246) മൂസായുടെ ശേഷം ഉണ്ടായിരുന്ന ചില ഇസ്രായീലീ പ്രമുഖര്‍ തങ്ങളുടെ പ്രവാചകനോട്, ഞങ്ങള്‍ക്കൊരു രാജാവിനെ നിയോഗിച്ച് തരൂ. (അദ്ദേഹത്തിന്റെ നേതൃത്വത്തില്‍) ഞങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തുകൊള്ളാം എന്ന് പറഞ്ഞ സന്ദര്‍ഭം നീ അറിഞ്ഞില്ലേ? അദ്ദേഹം (പ്രവാചകന്‍) ചോദിച്ചു: നിങ്ങള്‍ക്ക് യുദ്ധത്തിന്ന് കല്‍പന കിട്ടിയാല്‍ നിങ്ങള്‍ യുദ്ധം ചെയ്യാതിരുന്നേക്കുമോ ? അവര്‍ പറഞ്ഞു: ഞങ്ങളുടെ താമസസ്ഥലങ്ങളില്‍ നിന്നും സന്തതികള്‍ക്കിടയില്‍ നിന്നും ഞങ്ങള്‍ പുറം തള്ളപ്പെട്ട സ്ഥിതിക്ക് ഞങ്ങള്‍ക്കെങ്ങനെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാതിരിക്കാന്‍ കഴിയും ? എന്നാല്‍ അവര്‍ക്ക് യുദ്ധത്തിന് കല്‍പന നല്‍കപ്പെട്ടപ്പോഴാകട്ടെ അല്‍പം പേരൊഴിച്ച് (എല്ലാവരും) പിന്‍മാറുകയാണുണ്ടായത്. അല്ലാഹു അക്രമകാരികളെപ്പറ്റി (നല്ലവണ്ണം) അറിയുന്നവനാകുന്നു.
(247) അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക് ത്വാലൂതിനെ രാജാവായി നിയോഗിച്ചു തന്നിരിക്കുന്നു. അവര്‍ പറഞ്ഞു: അയാള്‍ക്കെങ്ങനെ ഞങ്ങളുടെ രാജാവാകാന്‍ പറ്റും? രാജാധികാരത്തിന് അയാളെക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ളത് ഞങ്ങള്‍ക്കാണല്ലോ. അയാള്‍ സാമ്പത്തിക സമൃദ്ധി ലഭിച്ച ആളുമല്ലല്ലോ. അദ്ദേഹം (പ്രവാചകന്‍) പറഞ്ഞു: അല്ലാഹു അദ്ദേഹത്തെ നിങ്ങളെക്കാള്‍ ഉല്‍കൃഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. കൂടുതല്‍ വിപുലമായ ജ്ഞാനവും ശരീര ശക്തിയും നല്‍കുകയും ചെയ്തിരിക്കുന്നു. അല്ലാഹു അവന്റെവകയായുള്ള ആധിപത്യം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കൊടുക്കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു.
(248) അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: ത്വാലൂതിന്റെ രാജാധികാരത്തിനുള്ള തെളിവ് ആ പെട്ടി നിങ്ങളുടെ അടുത്ത് വന്നെത്തുക എന്നതാണ്. അതില്‍ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള മനഃശാന്തിയും മൂസായുടെയും ഹാറൂന്‍റെയും കുടുംബങ്ങള്‍ വിട്ടേച്ചുപോയ അവശിഷ്ടങ്ങളുമുണ്ട്. മലക്കുകള്‍ അത് വഹിച്ച് കൊണ്ടുവരുന്നതാണ്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിസ്സംശയം നിങ്ങള്‍ക്കതില്‍ മഹത്തായ ദൃഷ്ടാന്തമുണ്ട്.