(65) ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവത്രെ അവന്‍. അതിനാല്‍ അവനെ താങ്കള്‍ ആരാധിക്കുകയും അവന്നുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുകയും ചെയ്യുക. അവന്ന് പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ?
(66) മനുഷ്യന്‍ പറയും: ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ പിന്നീട് എന്നെ ജീവനുള്ളവനായി പുറത്ത് കൊണ്ട് വരുമോ?
(67) മനുഷ്യന്‍ ഓര്‍മിക്കുന്നില്ലേ; അവന്‍ ഒന്നുമല്ലാതിരുന്ന ഒരു ഘട്ടത്തില്‍ നാമാണ് ആദ്യം അവനെ പടച്ചുണ്ടാക്കിയതെന്ന്?
(68) എന്നാല്‍ നിന്‍റെ രക്ഷിതാവിനെ തന്നെയാണ! അവരെയും പിശാചുക്കളെയും നാം ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. പിന്നീട് മുട്ടുകുത്തിയവരായിക്കൊണ്ട് നരകത്തിന് ചുറ്റും അവരെ നാം ഹാജരാക്കുക തന്നെ ചെയ്യും.
(69) പിന്നീട് ഓരോ കക്ഷിയില്‍ നിന്നും പരമകാരുണികനോട് ഏറ്റവും കടുത്ത ധിക്കാരം കാണിച്ചിരുന്നവരെ നാം വേര്‍തിരിച്ച് നിര്‍ത്തുന്നതാണ്.
(70) പിന്നീട് അതില്‍ (നരകത്തില്‍) എരിയുവാന്‍ അവരുടെ കൂട്ടത്തില്‍ ഏറ്റവും അര്‍ഹതയുള്ളവരെപ്പറ്റി നമുക്ക് നല്ലവണ്ണം അറിയാവുന്നതാണ്.
(71) അതിനടുത്ത് (നരകത്തിനടുത്ത്) വരാത്തവരായി നിങ്ങളില്‍ ആരും തന്നെയില്ല. നിന്‍റെ രക്ഷിതാവിന്‍റെ ഖണ്ഡിതവും നടപ്പിലാക്കപ്പെടുന്നതുമായ ഒരു തീരുമാനമാകുന്നു അത്.
(72) പിന്നീട് ധര്‍മ്മനിഷ്ഠ പാലിച്ചവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളെ മുട്ടുകുത്തിയവരായിക്കൊണ്ട് നാം അതില്‍ വിട്ടേക്കുകയും ചെയ്യുന്നതാണ്.
(73) സ്പഷ്ടമായ നിലയില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ അവിശ്വസിച്ചവര്‍ വിശ്വസിച്ചവരോട് പറയുന്നതാണ്: ഈ രണ്ട് വിഭാഗത്തില്‍ കൂടുതല്‍ ഉത്തമമായ സ്ഥാനമുള്ളവരും ഏറ്റവും മെച്ചപ്പെട്ട സംഘമുള്ളവരും ആരാണ് ?
(74) സാധനസാമഗ്രികളിലും ബാഹ്യമോടിയിലും കൂടുതല്‍ മെച്ചപ്പെട്ടവരായ എത്ര തലമുറകളെയാണ് ഇവര്‍ക്ക് മുമ്പ് നാം നശിപ്പിച്ചിട്ടുള്ളത്!
(75) (നബിയേ,) പറയുക: വല്ലവനും ദുര്‍മാര്‍ഗത്തിലായിക്കഴിഞ്ഞാല്‍ പരമകാരുണികന്‍ അവന്നു അവധി നീട്ടികൊടുക്കുന്നതാണ്. അങ്ങനെ തങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെടുന്ന കാര്യം അതായത് ഒന്നുകില്‍ ശിക്ഷ, അല്ലെങ്കില്‍ അന്ത്യസമയം -അവര്‍ കാണുമ്പോള്‍ അവര്‍ അറിഞ്ഞ് കൊള്ളും; കൂടുതല്‍ മോശമായ സ്ഥാനമുള്ളവരും, കുടുതല്‍ ദുര്‍ബലരായ സൈന്യവും ആരാണെന്ന്.
(76) സന്‍മാര്‍ഗം സ്വീകരിച്ചവര്‍ക്ക് അല്ലാഹു സന്‍മാര്‍ഗനിഷ്ഠ വര്‍ദ്ധിപ്പിച്ച് കൊടുക്കുന്നതാണ്. നിലനില്‍ക്കുന്ന സല്‍കര്‍മ്മങ്ങളാണ് നിന്‍റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പരിണാമമുള്ളതും