(15) തന്‍റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്‍റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്‍റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു. അങ്ങനെ അവന്‍ തന്‍റെ പൂര്‍ണ്ണശക്തി പ്രാപിക്കുകയും നാല്‍പത് വയസ്സിലെത്തുകയും ചെയ്താല്‍ ഇപ്രകാരം പറയും: എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോദനം നല്‍കേണമേ. എന്‍റെ സന്തതികളില്‍ നീ എനിക്ക് നന്‍മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു.
(16) അത്തരക്കാരില്‍ നിന്നാകുന്നു അവര്‍ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും ഉത്തമമായത് നാം സ്വീകരിക്കുന്നത്. അവരുടെ ദുഷ്പ്രവൃത്തികളെ സംബന്ധിച്ചിടത്തോളം നാം വിട്ടുവീഴ്ച കാണിക്കുകയും ചെയ്യും. (അവര്‍) സ്വര്‍ഗാവകാശികളുടെ കൂട്ടത്തിലായിരിക്കും. അവര്‍ക്ക് നല്‍കപ്പെട്ടിരുന്ന സത്യവാഗ്ദാനമത്രെ അത്.
(17) ഒരാള്‍- തന്‍റെ മാതാപിതാക്കളോട് അവന്‍ പറഞ്ഞു: ഛെ, നിങ്ങള്‍ക്ക് കഷ്ടം! ഞാന്‍ (മരണാനന്തരം) പുറത്ത് കൊണ്ടവരപ്പെടും എന്ന് നിങ്ങള്‍ രണ്ടുപേരും എന്നോട് വാഗ്ദാനം ചെയ്യുകയാണോ? എനിക്ക് മുമ്പ് തലമുറകള്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവര്‍ (മാതാപിതാക്കള്‍) അല്ലാഹുവോട് സഹായം തേടിക്കൊണ്ട് പറയുന്നു: നിനക്ക് നാശം. തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. അപ്പോള്‍ അവന്‍ പറയുന്നു. ഇതൊക്കെ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാകുന്നു.
(18) അത്തരക്കാരുടെ കാര്യത്തിലാകുന്നു (ശിക്ഷയുടെ) വചനം സ്ഥിരപ്പെട്ട് കഴിഞ്ഞിരിക്കുന്നത്. ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അവരുടെ മുമ്പ് കഴിഞ്ഞുപോയിട്ടുള്ള പല സമുദായങ്ങളുടെ കൂട്ടത്തില്‍. തീര്‍ച്ചയായും അവര്‍ നഷ്ടം പറ്റിയവരാകുന്നു.
(19) ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതനുസരിച്ചുള്ള പദവികളുണ്ട്. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ക്ക് ഫലം പൂര്‍ത്തിയാക്കികൊടുക്കാനുമാണത്. അവരോട് അനീതി കാണിക്കപ്പെടുകയില്ല.
(20) സത്യനിഷേധികള്‍ നരകത്തിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം (അവരോട് പറയപ്പെടും:) ഐഹികജീവിതത്തില്‍ നിങ്ങളുടെ നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ പാഴാക്കിക്കളയുകയും, നിങ്ങള്‍ അവകൊണ്ട് സുഖമനുഭവിക്കുകയും ചെയ്തു. അതിനാല്‍ ന്യായം കൂടാതെ നിങ്ങള്‍ ഭൂമിയില്‍ അഹംഭാവം നടിച്ചിരുന്നതിന്‍റെ ഫലമായും നിങ്ങള്‍ ധിക്കാരം കാണിച്ചിരുന്നതിന്‍റെ ഫലമായും ഇന്നു നിങ്ങള്‍ക്ക് അപമാനകരമായ ശിക്ഷ പ്രതിഫലമായി നല്‍കപ്പെടുന്നു.