(52) ജ്ഞാനത്തിന്‍റെ അടിസ്ഥാനത്തില്‍ നാം കാര്യങ്ങള്‍ വിശദമാക്കിയിട്ടുള്ള ഒരു ഗ്രന്ഥം അവര്‍ക്കു നാം കൊണ്ടുവന്നുകൊടുത്തു. വിശ്വസിക്കുന്ന ജനങ്ങള്‍ക്കു മാര്‍ഗദര്‍ശനവും കാരുണ്യവുമത്രെ അത്.
(53) അതിലുള്ളത് പുലര്‍ന്ന് കാണുക എന്നതല്ലാതെ മറ്റുവല്ലതുമാണോ അവര്‍ നോക്കിക്കൊണ്ടിരിക്കുന്നത്? മുമ്പ് അതിനെ മറന്നുകളഞ്ഞവര്‍ അതിന്‍റെ പുലര്‍ച്ചവന്നെത്തുന്ന ദിവസത്തില്‍ പറയും: ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൂതന്‍മാര്‍ സത്യവും കൊണ്ട് തന്നെയാണ് വന്നത്. ഇനി ഞങ്ങള്‍ക്കു വേണ്ടി ശുപാര്‍ശ ചെയ്യാന്‍ വല്ല ശുപാര്‍ശക്കാരുമുണ്ടോ? അതല്ല, ഞങ്ങളൊന്ന് തിരിച്ചയക്കപ്പെടുമോ? എങ്കില്‍ ഞങ്ങള്‍ മുമ്പ് ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായി പ്രവര്‍ത്തിക്കുമായിരുന്നു. തങ്ങള്‍ക്ക് തന്നെ അവര്‍ നഷ്ടം വരുത്തിവെച്ചു. അവര്‍ കെട്ടിച്ചമച്ചിരുന്നതെല്ലാം അവരെ വിട്ട് പോയിക്കളയുകയും ചെയ്തു.
(54) തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറുദിവസങ്ങളിലായി (ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. രാത്രിയെക്കൊണ്ട് അവന്‍ പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത് പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്‍റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ.് ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു.
(55) താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുക. പരിധി വിട്ട് പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല.
(56) ഭൂമിയില്‍ നന്‍മവരുത്തിയതിനു ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്. ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ കാരുണ്യം സല്‍കര്‍മ്മകാരികള്‍ക്ക് സമീപസ്ഥമാകുന്നു.
(57) അവനത്രെ തന്‍റെ അനുഗ്രഹത്തിന്ന് (മഴയ്ക്കു) മുമ്പായി സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് കാറ്റുകളെ അയക്കുന്നവന്‍. അങ്ങനെ അവ (കാറ്റുകള്‍) ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നിര്‍ജീവമായ വല്ല നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ട് പോകുകയും, എന്നിട്ടവിടെ വെള്ളം ചൊരിയുകയും, അത് മൂലം എല്ലാതരം കായ്കനികളും നാം പുറത്ത് കൊണ്ടുവരികയും ചെയ്യുന്നു. അത് പോലെ നാം മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്നതാണ്. നിങ്ങള്‍ ശ്രദ്ധിച്ചു മനസ്സിലാക്കുന്നവരായേക്കാം.