(16) ആകാശത്ത് നാം നക്ഷത്രമണ്ഡലങ്ങള്‍ നിശ്ചയിക്കുകയും, നോക്കുന്നവര്‍ക്ക് അവയെ നാം അലംകൃതമാക്കുകയും ചെയ്തിരിക്കുന്നു.
(17) ആട്ടിയകറ്റപ്പെട്ട എല്ലാ പിശാചുക്കളില്‍ നിന്നും അതിനെ നാം കാത്തുസൂക്ഷിക്കുകയും ചെയ്തിരിക്കുന്നു.
(18) എന്നാല്‍ കട്ടുകേള്‍ക്കാന്‍ ശ്രമിച്ചവനാകട്ടെ, പ്രത്യക്ഷമായ ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്.
(19) ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും, അളവ് നിര്‍ണയിക്കപ്പെട്ട എല്ലാ വസ്തുക്കളും അതില്‍ നാം മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.
(20) നിങ്ങള്‍ക്കും, നിങ്ങള്‍ ആഹാരം നല്‍കിക്കൊണ്ടിരിക്കുന്നവരല്ലാത്തവര്‍ക്കും അതില്‍ നാം ഉപജീവനമാര്‍ഗങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.
(21) യാതൊരു വസ്തുവും നമ്മുടെ പക്കല്‍ അതിന്‍റെ ഖജനാവുകള്‍ ഉള്ളതായിട്ടല്ലാതെയില്ല. (എന്നാല്‍) ഒരു നിര്‍ണിതമായ തോതനുസരിച്ചല്ലാതെ നാമത് ഇറക്കുന്നതല്ല.
(22) മേഘങ്ങളുല്‍പാദിപ്പിക്കുന്ന കാറ്റുകളെ നാം അയക്കുകയും, എന്നിട്ട് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും, എന്നിട്ട് നിങ്ങള്‍ക്ക് അത് കുടിക്കുമാറാക്കുകയും ചെയ്തു. നിങ്ങള്‍ക്കത് സംഭരിച്ച് വെക്കാന്‍ കഴിയുമായിരുന്നില്ല.
(23) തീര്‍ച്ചയായും, നാം തന്നെയാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്. (എല്ലാറ്റിന്‍റെയും) അനന്തരാവകാശിയും നാം തന്നെയാണ്.
(24) തീര്‍ച്ചയായും നിങ്ങളില്‍ നിന്ന് മുമ്പിലായവര്‍ ആരെന്ന് നാം അറിഞ്ഞിട്ടുണ്ട്. പിന്നിലായവര്‍ ആരെന്നും നാം അറിഞ്ഞിട്ടുണ്ട്.
(25) തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെ അവരെ ഒരുമിച്ചുകൂട്ടുന്നതുമാണ്. തീര്‍ച്ചയായും അവന്‍ യുക്തിമാനും സര്‍വ്വജ്ഞനുമത്രെ.
(26) കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു.
(27) അതിന്നു മുമ്പ് ജിന്നിനെ അത്യുഷ്ണമുള്ള അഗ്നിജ്വാലയില്‍ നിന്നു നാം സൃഷ്ടിച്ചു.
(28) നിന്‍റെ രക്ഷിതാവ് മലക്കുകളോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാകുന്നു: കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് ഞാന്‍ ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്.
(29) അങ്ങനെ ഞാന്‍ അവനെ ശരിയായ രൂപത്തിലാക്കുകയും, എന്‍റെ ആത്മാവില്‍ നിന്ന് അവനില്‍ ഞാന്‍ ഊതുകയും ചെയ്താല്‍, അപ്പോള്‍ അവന്ന് പ്രണമിക്കുന്നവരായിക്കൊണ്ട് നിങ്ങള്‍ വീഴുവിന്‍.
(30) അപ്പോള്‍ മലക്കുകള്‍ എല്ലാവരും പ്രണമിച്ചു.
(31) ഇബ്ലീസ് ഒഴികെ. പ്രണമിക്കുന്നവരുടെ കൂട്ടത്തിലായിരിക്കാന്‍ അവന്‍ വിസമ്മതിച്ചു.