(53) ശിക്ഷയുടെ കാര്യത്തില്‍ അര്‍ നിന്നോട് ധൃതികൂട്ടുന്നു. നിര്‍ണയിക്കപ്പെട്ട ഒരു അവധി ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ക്ക് ശിക്ഷ വന്നുകഴിഞ്ഞിട്ടുണ്ടാകുമായിരുന്നു. അവര്‍ ഓര്‍ക്കാതിരിക്കെ പെട്ടെന്ന് അതവര്‍ക്ക് വന്നെത്തുക തന്നെ ചെയ്യും.
(54) ശിക്ഷയുടെ കാര്യത്തില്‍ അവര്‍ നിന്നോട് ധൃതികൂട്ടികൊണ്ടിരിക്കുന്നു. തീര്‍ച്ചയായും നരകം സത്യനിഷേധികളെ വലയം ചെയ്യുന്നതാകുന്നു.
(55) അവരുടെ മുകള്‍ഭാഗത്തു നിന്നും അവരുടെ കാലുകള്‍ക്കിടയില്‍ നിന്നും ശിക്ഷ അവരെ മൂടിക്കളയുന്ന ദിവസത്തില്‍. (അന്ന്) അവന്‍ (അല്ലാഹു) പറയും: നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലം നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക.
(56) വിശ്വസിച്ചവരായ എന്‍റെ ദാസന്‍മാരെ, തീര്‍ച്ചയായും എന്‍റെ ഭൂമി വിശാലമാകുന്നു. അതിനാല്‍ എന്നെ മാത്രം നിങ്ങള്‍ ആരാധിക്കുവിന്‍.
(57) ഏതൊരാളും മരണത്തെ ആസ്വദിക്കുന്നതാണ്. പിന്നീട് നമ്മുടെ അടുക്കലേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.
(58) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് നാം സ്വര്‍ഗത്തില്‍ താഴ്ഭാഗത്ത് കൂടി നദികള്‍ ഒഴുകുന്ന ഉന്നത സൌധങ്ങളില്‍ താമസസൌകര്യം നല്‍കുന്നതാണ്. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം!
(59) ക്ഷമ കൈക്കൊള്ളുകയും, തങ്ങളുടെ രക്ഷിതാവിനെ ഭരമേല്‍പിച്ചു കൊണ്ടിരിക്കുകയും ചെയ്തവരത്രെ അവര്‍.
(60) സ്വന്തം ഉപജീവനത്തിന്‍റെ ചുമതല വഹിക്കാത്ത എത്രയെത്ര ജീവികളുണ്ട്. അല്ലാഹുവാണ് അവയ്ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവനാണ് എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍.
(61) ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് (ബഹുദൈവവിശ്വാസികളോട്) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്. അപ്പോള്‍ എങ്ങനെയാണ് അവര്‍ (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നത്?
(62) അല്ലാഹുവാണ് തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനമാര്‍ഗം വിശാലമാക്കുന്നതും, താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതു ഇടുങ്ങിയതാക്കുന്നതും. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ.
(63) ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും, ഭൂമി നിര്‍ജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന് ജീവന്‍ നല്‍കുകയും ചെയ്താരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും; അല്ലാഹുവാണെന്ന്. പറയുക: അല്ലാഹുവിന് സ്തുതി! പക്ഷെ അവരില്‍ അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല.