(80) (നബിയേ,) നീ അവര്‍ക്ക് വേണ്ടി പാപമോചനം തേടിക്കൊള്ളുക. അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി പാപമോചനം തേടാതിരിക്കുക. നീ അവര്‍ക്ക് വേണ്ടി എഴുപത് പ്രാവശ്യം പാപമോചനം തേടിയാലും അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല. അവര്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും അവിശ്വസിച്ചത് കൊണ്ടത്രെ അത്. ധിക്കാരികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
(81) (യുദ്ധത്തിനു പോകാതെ) പിന്‍മാറി ഇരുന്നവര്‍ അല്ലാഹുവിന്‍റെ ദൂതന്‍റെ കല്‍പനക്കെതിരായുള്ള അവരുടെ ഇരുത്തത്തില്‍ സന്തോഷം പൂണ്ടു. തങ്ങളുടെ സ്വത്തുക്കള്‍കൊണ്ടും ശരീരങ്ങള്‍കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുവാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. അവര്‍ പറഞ്ഞു: ഈ ഉഷ്ണത്തില്‍ നിങ്ങള്‍ ഇറങ്ങിപുറപ്പെടേണ്ട. പറയുക. നരകാഗ്നി കൂടുതല്‍ കഠിനമായ ചൂടുള്ളതാണ്. അവര്‍ കാര്യം ഗ്രഹിക്കുന്നവരായിരുന്നെങ്കില്‍!
(82) അതിനാല്‍ അവര്‍ അല്‍പം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്തുകൊള്ളട്ടെ; അവര്‍ ചെയ്തുവെച്ചിരുന്നതിന്‍റെ ഫലമായിട്ട്.
(83) ഇനി (യുദ്ധം കഴിഞ്ഞിട്ട്) അവരില്‍ ഒരു വിഭാഗത്തിന്‍റെ അടുത്തേക്ക് നിന്നെ അല്ലാഹു (സുരക്ഷിതനായി) തിരിച്ചെത്തിക്കുകയും, അനന്തരം (മറ്റൊരു യുദ്ധത്തിന് നിന്‍റെ കൂടെ) പുറപ്പെടാന്‍ അവര്‍ സമ്മതം തേടുകയും ചെയ്യുന്ന പക്ഷം നീ പറയുക: നിങ്ങളൊരിക്കലും എന്‍റെ കൂടെ പുറപ്പെടുന്നതല്ല. നിങ്ങള്‍ എന്‍റെ കൂടെ ഒരു ശത്രുവോടും യുദ്ധം ചെയ്യുന്നതുമല്ല. തീര്‍ച്ചയായും നിങ്ങള്‍ ആദ്യത്തെപ്രാവശ്യം ഒഴിഞ്ഞിരിക്കുന്നതില്‍ തൃപ്തി അടയുകയാണല്ലോ ചെയ്തത്. അതിനാല്‍ ഒഴിഞ്ഞിരുന്നവരുടെ കൂടെ നിങ്ങളും ഇരുന്ന് കൊള്ളുക.
(84) അവരുടെ കൂട്ടത്തില്‍ നിന്ന് മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും നമസ്കരിക്കരുത്. അവന്‍റെ ഖബ്‌റിന്നരികില്‍ നില്‍ക്കുകയും ചെയ്യരുത്. തീര്‍ച്ചയായും അവര്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും അവിശ്വസിക്കുകയും, ധിക്കാരികളായിക്കൊണ്ട് മരിക്കുകയും ചെയ്തിരിക്കുന്നു.
(85) അവരുടെ സ്വത്തുക്കളും സന്താനങ്ങളും നിന്നെ അത്ഭുതപ്പെടുത്താതിരിക്കട്ടെ. ഇഹലോകത്തില്‍ അവ മൂലം അവരെ ശിക്ഷിക്കുവാനും സത്യനിഷേധികളായിക്കൊണ്ട് അവര്‍ ജീവനാശമടയുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.
(86) നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും, അവന്‍റെ ദൂതനോടൊപ്പം സമരത്തില്‍ ഏര്‍പെടുകയും ചെയ്യുക എന്ന് (നിര്‍ദേശിച്ചു കൊണ്ട്) വല്ല അദ്ധ്യായവും അവതരിപ്പിക്കപ്പെട്ടാല്‍ അവരുടെ കൂട്ടത്തില്‍ കഴിവുള്ളവര്‍ നിന്നോട് (യുദ്ധത്തിന് പോകാതിരിക്കാന്‍) സമ്മതം തേടുന്നതാണ്. അവര്‍ പറയും: ഞങ്ങളെ വിട്ടേക്കണം. ഞങ്ങള്‍ ഒഴിഞ്ഞിരിക്കുന്നവരുടെ കൂട്ടത്തില്‍ ആകാം.