(21) സത്യവിശ്വാസികളേ, പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റരുത്. വല്ലവനും പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്ന പക്ഷം തീര്‍ച്ചയായും അവന്‍ (പിശാച്) കല്‍പിക്കുന്നത് നീചവൃത്തിയും ദുരാചാരവും ചെയ്യാനായിരിക്കും. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലാതിരുന്നെങ്കില്‍ നിങ്ങളില്‍ ഒരാളും ഒരിക്കലും പരിശുദ്ധി പ്രാപിക്കുകയില്ലായിരുന്നു. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പരിശുദ്ധി നല്‍കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
(22) നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
(23) പതിവ്രതകളും (ദുര്‍വൃത്തിയെപ്പറ്റി) ഓര്‍ക്കുക പോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെപ്പറ്റി ദുരാരോപണം നടത്തുന്നവരാരോ അവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു; തീര്‍ച്ച. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുമുണ്ട്.
(24) അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി അവരുടെ നാവുകളും കൈകളും കാലുകളും അവര്‍ക്കെതിരായി സാക്ഷിപറയുന്ന ദിവസത്തിലത്രെ അത് (ശിക്ഷ) .
(25) അന്ന് അല്ലാഹു അവര്‍ക്ക് അവരുടെ യഥാര്‍ത്ഥ പ്രതിഫലം നിറവേറ്റികൊടുക്കുന്നതാണ്. അല്ലാഹു തന്നെയാണ് പ്രത്യക്ഷമായ സത്യമെന്ന് അവര്‍ അറിയുകയും ചെയ്യും.
(26) ദുഷിച്ച സ്ത്രീകള്‍ ദുഷിച്ച പുരുഷന്‍മാര്‍ക്കും, ദുഷിച്ച പുരുഷന്‍മാര്‍ ദുഷിച്ച സ്ത്രീകള്‍ക്കുമാകുന്നു. നല്ല സ്ത്രീകള്‍ നല്ല പുരുഷന്‍മാര്‍ക്കും, നല്ല പുരുഷന്‍മാര്‍ നല്ല സ്ത്രീകള്‍ക്കുമാകുന്നു. ഇവര്‍ (ദുഷ്ടന്‍മാര്‍) പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ അവര്‍ (നല്ലവര്‍) നിരപരാധരാകുന്നു. അവര്‍ക്ക് പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും.
(27) ഹേ; സത്യവിശ്വാസികളേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്; നിങ്ങള്‍ അനുവാദം തേടുകയും ആ വീട്ടുകാര്‍ക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങള്‍ക്ക് ഗുണകരം. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടിയത്രെ (ഇതു പറയുന്നത്) .