(122) എന്നാല്‍ വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവരെ നാം കീഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കുന്നതാണ്. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹുവിന്‍റെ സത്യമായ വാഗ്ദാനമാണത്. അല്ലാഹുവേക്കാള്‍ സത്യസന്ധമായി സംസാരിക്കുന്നവന്‍ ആരുണ്ട്?
(123) കാര്യം നിങ്ങളുടെ വ്യാമോഹങ്ങളനുസരിച്ചല്ല. വേദക്കാരുടെ വ്യാമോഹങ്ങളനുസരിച്ചുമല്ല. ആര് തിന്‍മ പ്രവര്‍ത്തിച്ചാലും അതിന്നുള്ള പ്രതിഫലം അവന്ന് നല്‍കപ്പെടും. അല്ലാഹുവിന് പുറമെ തനിക്ക് ഒരു മിത്രത്തെയും സഹായിയെയും അവന്‍ കണ്ടെത്തുകയുമില്ല.
(124) ആണാകട്ടെ പെണ്ണാകട്ടെ , ആര്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല.
(125) സദ്‌വൃത്തനായിക്കൊണ്ട് തന്‍റെ മുഖത്തെ അല്ലാഹുവിന് കീഴ്പെടുത്തുകയും, നേര്‍മാര്‍ഗത്തിലുറച്ച് നിന്ന് കൊണ്ട് ഇബ്രാഹീമിന്‍റെ മാര്‍ഗത്തെ പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്? അല്ലാഹു ഇബ്രാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു.
(126) ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്‍റെതാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും പൂര്‍ണ്ണമായ അറിവുള്ളവനാകുന്നു.
(127) സ്ത്രീകളുടെ കാര്യത്തില്‍ അവര്‍ നിന്നോട് വിധി തേടുന്നു. പറയുക: അവരുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് വിധി നല്‍കുന്നു. സ്ത്രീകള്‍ക്ക് നിശ്ചയിക്കപ്പെട്ട അവകാശം നിങ്ങള്‍ നല്‍കാതിരിക്കുകയും, എന്നാല്‍ നിങ്ങള്‍ വിവാഹം കഴിക്കാന്‍ മോഹിക്കുകയും ചെയ്യുന്ന അനാഥ സ്ത്രീകളുടെ കാര്യത്തിലും, ബലഹീനരായ കുട്ടികളുടെ കാര്യത്തിലും ഈ ഗ്രന്ഥത്തില്‍ നിങ്ങള്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുന്നത് (നിങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യുക.) അനാഥകളോട് നിങ്ങള്‍ നീതിയോടെ വര്‍ത്തിക്കണമെന്ന കല്‍പനയും (ശ്രദ്ധിക്കുക.) നിങ്ങള്‍ ചെയ്യുന്ന ഏതൊരു നല്ലകാര്യവും അല്ലാഹു (പൂര്‍ണ്ണമായി) അറിയുന്നവനാകുന്നു.