(27) അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു. എന്നാല്‍ തന്നിഷ്ടങ്ങളെ പിന്‍പറ്റി ജീവിക്കുന്നവര്‍ ഉദ്ദേശിക്കുന്നത് നിങ്ങള്‍ (നേര്‍വഴിയില്‍ നിന്ന്) വന്‍തോതില്‍ തെറ്റിപ്പോകണമെന്നാണ്.
(28) നിങ്ങള്‍ക്ക് ഭാരം കുറച്ചുതരണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു. ദുര്‍ബലനായിക്കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
(29) സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി നിങ്ങള്‍ അന്യോന്യം എടുത്ത് തിന്നരുത്. നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു.
(30) ആരെങ്കിലും അതിക്രമമായും അന്യായമായും അങ്ങനെ ചെയ്യുന്ന പക്ഷം നാമവനെ നരകാഗ്നിയിലിട്ട് കരിക്കുന്നതാണ്. അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമാകുന്നു.
(31) നിങ്ങളോട് നിരോധിക്കപ്പെടുന്ന വന്‍പാപങ്ങള്‍ നിങ്ങള്‍ വര്‍ജ്ജിക്കുന്ന പക്ഷം നിങ്ങളുടെ തിന്‍മകളെ നിങ്ങളില്‍ നിന്ന് നാം മായ്ച്ചുകളയുകയും, മാന്യമായ ഒരു സ്ഥാനത്ത് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്.
(32) നിങ്ങളില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ കൂടുതലായി അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോട് നിങ്ങള്‍ക്ക് മോഹം തോന്നരുത്. പുരുഷന്‍മാര്‍ സമ്പാദിച്ചുണ്ടാക്കിയതിന്‍റെ ഓഹരി അവര്‍ക്കുണ്ട്. സ്ത്രീകള്‍ സമ്പാദിച്ചുണ്ടാക്കിയതിന്‍റെ ഓഹരി അവര്‍ക്കുമുണ്ട്. അല്ലാഹുവോട് അവന്‍റെ ഔദാര്യത്തില്‍ നിന്ന് നിങ്ങള്‍ ആവശ്യപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
(33) ഏതൊരാള്‍ക്കും തന്‍റെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ച് പോയ സ്വത്തിന് നാം അവകാശികളെ നിശ്ചയിച്ചിട്ടുണ്ട്. നിങ്ങളുടെ വലംകൈകള്‍ ബന്ധം സ്ഥാപിച്ചിട്ടുള്ളവര്‍ക്കും അവരുടെ ഓഹരി നിങ്ങള്‍ കൊടുക്കുക. തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാകുന്നു.