(11) പറയുക: കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കിക്കൊണ്ട് അവനെ ആരാധിക്കുവാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്
(12) ഞാന്‍ കീഴ്പെടുന്നവരില്‍ ഒന്നാമനായിരിക്കണമെന്നും എനിക്ക് കല്‍പന നല്‍കപ്പെട്ടിരിക്കുന്നു.
(13) പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തീര്‍ച്ചയായും ഞാന്‍ പേടിക്കുന്നു.
(14) പറയുക: അല്ലാഹുവെയാണ് ഞാന്‍ ആരാധിക്കുന്നത്. ; എന്‍റെ കീഴ്‌വണക്കം അവന്ന് നിഷ്കളങ്കമാക്കിക്കൊണ്ട്.
(15) എന്നാല്‍ നിങ്ങള്‍ അവന്നു പുറമെ നിങ്ങള്‍ ഉദ്ദേശിച്ചതിന് ആരാധന ചെയ്തുകൊള്ളുക. പറയുക: ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ സ്വദേഹങ്ങള്‍ക്കും തങ്ങളുടെ ആളുകള്‍ക്കും നഷ്ടം വരുത്തിവെച്ചതാരോ അവരത്രെ തീര്‍ച്ചയായും നഷ്ടക്കാര്‍. അതു തന്നെയാണ് വ്യക്തമായ നഷ്ടം
(16) അവര്‍ക്ക് അവരുടെ മുകള്‍ ഭാഗത്ത് തിയ്യിന്‍റെ തട്ടുകളുണ്ട്. അവരുടെ കീഴ്ഭാഗത്തുമുണ്ട് തട്ടുകള്‍. അതിനെ പറ്റിയാകുന്നു അല്ലാഹു തന്‍റെ ദാസന്‍മാരെ ഭയപ്പെടുത്തുന്നത്. ആകയാല്‍ എന്‍റെ ദാസന്‍മാരേ, നിങ്ങള്‍ എന്നെ സൂക്ഷിക്കുവിന്‍.
(17) ദുര്‍മൂര്‍ത്തിയെ -അതിനെ ആരാധിക്കുന്നത്- വര്‍ജ്ജിക്കുകയും, അല്ലാഹുവിലേക്ക് വിനയത്തോടെ മടങ്ങുകയും ചെയ്തവരാരോ അവര്‍ക്കാണ് സന്തോഷവാര്‍ത്ത. അതിനാല്‍ എന്‍റെ ദാസന്‍മാര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക.
(18) അതായത് വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക് .അക്കൂട്ടര്‍ക്കാകുന്നു അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയിട്ടുള്ളത്. അവര്‍ തന്നെയാകുന്നു ബുദ്ധിമാന്‍മാര്‍.
(19) അപ്പോള്‍ വല്ലവന്‍റെ കാര്യത്തിലും ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു കഴിഞ്ഞിട്ടുണ്ടെങ്കിലും (അവനെ നിനക്ക് സഹായിക്കാനാകുമോ?) അപ്പോള്‍ നരകത്തിലുള്ളവനെ നിനക്ക് രക്ഷപ്പെടുത്താനാകുമോ?
(20) പക്ഷെ, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചവരാരോ അവര്‍ക്കാണ് മേല്‍ക്കുമേല്‍ തട്ടുകളായി നിര്‍മിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത്. അവയുടെ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകികൊണ്ടിരിക്കുന്നു. അല്ലാഹുവിന്‍റെ വാഗ്ദാനമത്രെ അത്. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല.
(21) നീ കണ്ടില്ലേ, അല്ലാഹു ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് ഭൂമിയിലെ ഉറവിടങ്ങളില്‍ അതവന്‍ പ്രവേശിപ്പിച്ചു. അനന്തരം അത് മുഖേന വ്യത്യസ്ത വര്‍ണങ്ങളിലുള്ള വിള അവന്‍ ഉല്‍പാദിപ്പിക്കുന്നു. പിന്നെ അത് ഉണങ്ങിപോകുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീട് അവന്‍ അതിനെ വൈക്കോല്‍ തുരുമ്പാക്കുന്നു. തീര്‍ച്ചയായും അതില്‍ ബുദ്ധിമാന്‍മാര്‍ക്ക് ഒരു ഗുണപാഠമുണ്ട്.