(73) മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്‍റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ.
(74) അല്ലാഹുവെ കണക്കാക്കേണ്ട മുറപ്രകാരം അവര്‍ കണക്കാക്കിയിട്ടില്ല. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.
(75) മലക്കുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അല്ലാഹു ദൂതന്‍മാരെ തെരഞ്ഞെടുക്കുന്നു. തീര്‍ച്ചയായും അല്ലാഹു കേള്‍ക്കുന്നവനും കാണുന്നവനുമത്രെ.
(76) അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അല്ലാഹുവിങ്കലേക്കാകുന്നു കാര്യങ്ങള്‍ മടക്കപ്പെടുന്നത്.
(77) സത്യവിശ്വാസികളേ, നിങ്ങള്‍ കുമ്പിടുകയും, സാഷ്ടാംഗം ചെയ്യുകയും, നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും, നന്‍മ പ്രവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
(78) അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യേണ്ട മുറപ്രകാരം നിങ്ങള്‍ സമരം ചെയ്യുക. അവന്‍ നിങ്ങളെ ഉല്‍കൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്രാഹീമിന്‍റെ മാര്‍ഗമത്രെ അത്. മുമ്പും (മുന്‍വേദങ്ങളിലും) ഇതിലും (ഈ വേദത്തിലും) അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് മുസ്ലിംകളെന്ന് പേര് നല്‍കിയിരിക്കുന്നു. റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും, നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും വേണ്ടി. ആകയാല്‍ നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹുവെ മുറുകെപിടിക്കുകയും ചെയ്യുക. അവനാണ് നിങ്ങളുടെ രക്ഷാധികാരി. എത്ര നല്ല രക്ഷാധികാരി! എത്ര നല്ല സഹായി!