(95) ന്യായമായ വിഷമമില്ലാതെ (യുദ്ധത്തിന് പോകാതെ) ഒഴിഞ്ഞിരിക്കുന്ന വിശ്വാസികളും, തങ്ങളുടെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവരും തുല്യരാകുകയില്ല. തങ്ങളുടെ ധനം കൊണ്ടും ദേഹംകൊണ്ടും സമരം ചെയ്യുന്നവരെ ഒഴിഞ്ഞിരിക്കുന്നവരേക്കാള്‍ അല്ലാഹു പദവിയില്‍ ഉയര്‍ത്തിയിരിക്കുന്നു. എല്ലാവര്‍ക്കും അല്ലാഹു നല്ല പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാല്‍ സമരത്തില്‍ ഏര്‍പെടുന്നവര്‍ക്ക് ഒഴിഞ്ഞിരിക്കുന്നവരേക്കാളും കൂടുതലായി അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.
(96) അവന്‍റെ പക്കല്‍ നിന്നുള്ള പല പദവികളും പാപമോചനവും കാരുണ്യവുമത്രെ (അവര്‍ക്കുള്ളത്.) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
(97) അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്‍റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം!
(98) എന്നാല്‍ യാതൊരു ഉപായവും സ്വീകരിക്കാന്‍ കഴിവില്ലാതെ, ഒരു രക്ഷാമാര്‍ഗവും കണ്ടെത്താനാകാതെ അടിച്ചൊതുക്കപ്പെട്ടവരായിക്കഴിയുന്ന പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും ഇതില്‍ നിന്നൊഴിവാകുന്നു.
(99) അത്തരക്കാര്‍ക്ക് അല്ലാഹു മാപ്പുനല്‍കിയേക്കാം. അല്ലാഹു അത്യധികം മാപ്പ് നല്‍കുന്നവനും ഏറെ പൊറുക്കുന്നവനുമാകുന്നു.
(100) അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വല്ലവനും സ്വദേശം വെടിഞ്ഞ് പോകുന്ന പക്ഷം ഭൂമിയില്‍ ധാരാളം അഭയസ്ഥാനങ്ങളും ജീവിതവിശാലതയും അവന്‍ കണ്ടെത്തുന്നതാണ്. വല്ലവനും തന്‍റെ വീട്ടില്‍ നിന്ന് - സ്വദേശം വെടിഞ്ഞ് കൊണ്ട് - അല്ലാഹുവിലേക്കും അവന്‍റെ ദൂതനിലേക്കും ഇറങ്ങി പുറപ്പെടുകയും, അനന്തരം (വഴി മദ്ധ്യേ) മരണമവനെ പിടികൂടുകയും ചെയ്യുന്ന പക്ഷം അവന്നുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ സ്ഥിരപ്പെട്ടു കഴിഞ്ഞു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
(101) നിങ്ങള്‍ ഭൂമിയില്‍ യാത്രചെയ്യുകയാണെങ്കില്‍ സത്യനിഷേധികള്‍ നിങ്ങള്‍ക്ക് നാശം വരുത്തുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം നമസ്കാരം ചുരുക്കി നിര്‍വഹിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. തീര്‍ച്ചയായും സത്യനിഷേധികള്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുക്കളാകുന്നു.