(114) അവരുടെ രഹസ്യാലോചനകളില്‍ മിക്കതിലും യാതൊരു നന്‍മയുമില്ല. വല്ല ദാനധര്‍മ്മവും ചെയ്യാനോ , സദാചാരം കൈക്കൊള്ളാനോ, ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കാനോ കല്‍പിക്കുന്ന ആളുകളുടെ വാക്കുകളിലൊഴികെ. വല്ലവനും അല്ലാഹുവിന്‍റെ പൊരുത്തം തേടിക്കൊണ്ട് അപ്രകാരം ചെയ്യുന്ന പക്ഷം അവന് നാം മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.
(115) തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!
(116) തന്നോട് പങ്കുചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ക്കുന്നുവോ അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു.
(117) അല്ലാഹുവിന് പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നത് ചില പെണ്‍ദൈവങ്ങളെ മാത്രമാകുന്നു. (വാസ്തവത്തില്‍) ധിക്കാരിയായ പിശാചിനെ മാത്രമാണ് അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നത്.
(118) അവനെ (പിശാചിനെ) അല്ലാഹു ശപിച്ചിരിക്കുന്നു. അവന്‍ (അല്ലാഹുവോട്) പറയുകയുണ്ടായി: നിന്‍റെ ദാസന്‍മാരില്‍ നിന്ന് ഒരു നിശ്ചിത വിഹിതം (എന്‍റെതായി) ഞാന്‍ ഉണ്ടാക്കിത്തീര്‍ക്കുന്നതാണ്.
(119) അവരെ ഞാന്‍ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ കാലികളുടെ കാതുകള്‍ കീറിമുറിക്കും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്‍റെ സൃഷ്ടി (പ്രകൃതി) അലങ്കോലപ്പെടുത്തും. വല്ലവനും അല്ലാഹുവിന് പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്ടം പറ്റിയവനാകുന്നു.
(120) അവന്‍ (പിശാച്) അവര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുകയും, അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നു. പിശാച് അവര്‍ക്ക് നല്‍കുന്ന വാഗ്ദാനം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല.
(121) അത്തരക്കാര്‍ക്കുള്ള സങ്കേതം നരകമാകുന്നു. അതില്‍ നിന്ന് ഓടിരക്ഷപ്പെടുവാന്‍ ഒരിടവും അവര്‍ കണ്ടെത്തുകയില്ല.