(109) അപ്പോള്‍ ഇക്കൂട്ടര്‍ ആരാധിച്ച് വരുന്നതിനെ സംബന്ധിച്ച് നീ യാതൊരു സംശയത്തിലും അകപ്പെടരുത്. മുമ്പ് ഇവരുടെ പിതാക്കന്‍മാര്‍ ആരാധിച്ചിരുന്ന അതേ രീതിയില്‍ ആരാധന നടത്തുക മാത്രമാണിവര്‍ ചെയ്യുന്നത്. തീര്‍ച്ചയായും അവര്‍ക്കുള്ള ഓഹരി കുറവൊന്നും വരുത്താതെ നാമവര്‍ക്ക് നിറവേറ്റികൊടുക്കുന്നതാണ്.
(110) മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായി. എന്നിട്ട് അതിന്‍റെ കാര്യത്തില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടായി. നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു വചനം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ക്കിടയില്‍ വിധി നടത്തപ്പെടുമായിരുന്നു. തീര്‍ച്ചയായും അവര്‍ ഇതിനെപ്പറ്റി അവിശ്വാസജനകമായ സംശയത്തിലാകുന്നു.
(111) തീര്‍ച്ചയായും അവരില്‍ ഓരോ വിഭാഗത്തിനും നിന്‍റെ രക്ഷിതാവ് അവരവരുടെ കര്‍മ്മങ്ങള്‍ക്കുള്ള പ്രതിഫലം പൂര്‍ണ്ണമായി നല്‍കുകതന്നെ ചെയ്യും. തീര്‍ച്ചയായും അവന്‍ അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
(112) ആകയാല്‍ നീ കല്‍പിക്കപ്പെട്ടതു പോലെ നീയും നിന്നോടൊപ്പം (അല്ലാഹുവിങ്കലേക്ക്) മടങ്ങിയവരും നേരായ മാര്‍ഗത്തില്‍ നിലകൊള്ളുക. നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കരുത്. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാണ്.
(113) അക്രമം പ്രവര്‍ത്തിച്ചവരുടെ പക്ഷത്തേക്ക് നിങ്ങള്‍ ചായരുത്. എങ്കില്‍ നരകം നിങ്ങളെ സ്പര്‍ശിക്കുന്നതാണ്. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് രക്ഷാധികാരികളേയില്ല. പിന്നീട് നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല.
(114) പകലിന്‍റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുക. തീര്‍ച്ചയായും സല്‍കര്‍മ്മങ്ങള്‍ ദുഷ്കര്‍മ്മങ്ങളെ നീക്കികളയുന്നതാണ്. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉല്‍ബോധനമാണത്.
(115) നീ ക്ഷമിക്കുക. സുകൃതവാന്‍മാരുടെ പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല;തീര്‍ച്ച.
(116) ഭൂമിയില്‍ നാശമുണ്ടാക്കുന്നതില്‍ നിന്ന് (ജനങ്ങളെ) തടയുന്ന, (നന്‍മയുടെ) പാരമ്പര്യമുള്ള ഒരു വിഭാഗം നിങ്ങള്‍ക്കുമുമ്പുള്ള തലമുറകളില്‍ നിന്ന് എന്തുകൊണ്ട് ഉണ്ടായില്ല? അവരില്‍ നിന്ന് നാം രക്ഷപ്പെടുത്തി എടുത്ത കൂട്ടത്തില്‍ പെട്ട ചുരുക്കം ചിലരൊഴികെ. എന്നാല്‍ അക്രമകാരികള്‍ തങ്ങള്‍ക്ക് നല്‍കപ്പെട്ട സുഖാഡംബരങ്ങളുടെ പിന്നാലെ പോകുകയാണ് ചെയ്തത്. അവര്‍ കുറ്റവാളികളായിരിക്കുന്നു.
(117) നാട്ടുകാര്‍ സല്‍പ്രവൃത്തികള്‍ ചെയ്യുന്നവരായിരിക്കെ നിന്‍റെ രക്ഷിതാവ് അന്യായമായി രാജ്യങ്ങള്‍ നശിപ്പിക്കുന്നതല്ല.