(17) (നബിയേ,) അവര്‍ പറയുന്നതിനെപ്പറ്റി നീ ക്ഷമിച്ചു കൊള്ളുക. നമ്മുടെ കൈയ്യൂക്കുള്ള ദാസനായ ദാവൂദിനെ നീ അനുസ്മരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അദ്ദേഹം (ദൈവത്തിങ്കലേക്ക്) ഏറ്റവും അധികം ഖേദിച്ചുമടങ്ങിയവനാകുന്നു.
(18) സന്ധ്യാസമയത്തും, സൂര്യോദയ സമയത്തും സ്തോത്രകീര്‍ത്തനം നടത്തുന്ന നിലയില്‍ നാം പര്‍വ്വതങ്ങളെ അദ്ദേഹത്തോടൊപ്പം കീഴ്പെടുത്തുക തന്നെ ചെയ്തു.
(19) ശേഖരിക്കപ്പെട്ട നിലയില്‍ പറവകളെയും (നാം കീഴ്പെടുത്തി.) എല്ലാം തന്നെ അദ്ദേഹത്തിങ്കലേക്ക് ഏറ്റവും അധികം വിനയത്തോടെ തിരിഞ്ഞവയായിരുന്നു.
(20) അദ്ദേഹത്തിന്‍റെ ആധിപത്യം നാം സുശക്തമാക്കുകയും, അദ്ദേഹത്തിന് നാം തത്വജ്ഞാനവും തീര്‍പ്പുകല്‍പിക്കുവാന്‍ വേണ്ട സംസാരവൈഭവവും നല്‍കുകയും ചെയ്തു.
(21) വഴക്ക് കൂടുന്ന കക്ഷികള്‍ പ്രാര്‍ത്ഥനാമണ്ഡപത്തിന്‍റെ മതില്‍ കയറിച്ചെന്ന സമയത്തെ വര്‍ത്തമാനം നിനക്ക് ലഭിച്ചിട്ടുണ്ടോ?
(22) അവര്‍ ദാവൂദിന്‍റെ അടുത്ത് കടന്നു ചെല്ലുകയും, അദ്ദേഹം അവരെപ്പറ്റി പരിഭ്രാന്തനാകുകയും ചെയ്ത സന്ദര്‍ഭം! അവര്‍ പറഞ്ഞു. താങ്കള്‍ ഭയപ്പെടേണ്ട. ഞങ്ങള്‍ രണ്ട് എതിര്‍ കക്ഷികളാകുന്നു. ഞങ്ങളില്‍ ഒരു കക്ഷി മറുകക്ഷിയോട് അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്കിടയില്‍ താങ്കള്‍ ന്യായപ്രകാരം വിധി കല്‍പിക്കണം. താങ്കള്‍ നീതികേട് കാണിക്കരുത്. ഞങ്ങള്‍ക്ക് നേരായ പാതയിലേക്ക് വഴി കാണിക്കണം.
(23) ഇതാ, ഇവന്‍ എന്‍റെ സഹോദരനാകുന്നു. അവന്ന് തൊണ്ണൂറ്റി ഒമ്പതു പെണ്ണാടുകളുണ്ട്. എനിക്ക് ഒരു പെണ്ണാടും. എന്നിട്ട് അവന്‍ പറഞ്ഞു; അതിനെയും കൂടി എനിക്ക് ഏല്‍പിച്ചു തരണമെന്ന്. സംഭാഷണത്തില്‍ അവന്‍ എന്നെ തോല്‍പിച്ച് കളയുകയും ചെയ്തു.
(24) അദ്ദേഹം (ദാവൂദ്) പറഞ്ഞു: തന്‍റെ പെണ്ണാടുകളുടെ കൂട്ടത്തിലേക്ക് നിന്‍റെ പെണ്ണാടിനെ കൂടി ആവശ്യപ്പെട്ടതു മുഖേന അവന്‍ നിന്നോട് അനീതി കാണിക്കുക തന്നെ ചെയ്തിരിക്കുന്നു. തീര്‍ച്ചയായും പങ്കാളികളില്‍ (കൂട്ടുകാരില്‍) പലരും പരസ്പരം അതിക്രമം കാണിക്കുകയാണ് ചെയ്യുന്നത്. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. വളരെ കുറച്ച് പേരേയുള്ളു അത്തരക്കാര്‍. ദാവൂദ് വിചാരിച്ചു; നാം അദ്ദേഹത്തെ പരീക്ഷിക്കുക തന്നെയാണ് ചെയ്തതെന്ന്. തുടര്‍ന്ന് അദ്ദേഹം തന്‍റെ രക്ഷിതാവിനോട് പാപമോചനം തേടുകയും അദ്ദേഹം കുമ്പിട്ടു കൊണ്ട് വീഴുകയും ഖേദിച്ചുമടങ്ങുകയും ചെയ്തു.
(25) അപ്പോള്‍ അദ്ദേഹത്തിന് നാം അത് പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അദ്ദേഹത്തിന് നമ്മുടെ അടുക്കല്‍ സാമീപ്യവും മടങ്ങിവരാന്‍ ഉത്തമമായ സ്ഥാനവുമുണ്ട്
(26) (അല്ലാഹു പറഞ്ഞു:) ഹേ; ദാവൂദ്, തീര്‍ച്ചയായും നിന്നെ നാം ഭൂമിയില്‍ ഒരു പ്രതിനിധിയാക്കിയിരിക്കുന്നു. ആകയാല്‍ ജനങ്ങള്‍ക്കിടയില്‍ ന്യായപ്രകാരം നീ വിധികല്‍പിക്കുക. തന്നിഷ്ടത്തെ നീ പിന്തുടര്‍ന്നു പോകരുത്. കാരണം അത് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് നിന്നെ തെറ്റിച്ചുകളയും. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുന്നവരാരോ അവര്‍ക്ക് തന്നെയാകുന്നു കഠിനമായ ശിക്ഷയുള്ളത്. കണക്കുനോക്കുന്ന ദിവസത്തെ അവര്‍ മറന്നുകളഞ്ഞതിന്‍റെ ഫലമത്രെ അത്.