(160) അവരെ നാം പന്ത്രണ്ട് ഗോത്രങ്ങളായി അഥവാ സമൂഹങ്ങളായി പിരിച്ചു. മൂസായോട് അദ്ദേഹത്തിന്‍റെ ജനത കുടിനീര്‍ ആവശ്യപ്പെട്ട സമയത്ത് നിന്‍റെ വടികൊണ്ട് ആ പാറക്കല്ലില്‍ അടിക്കൂ എന്ന് അദ്ദേഹത്തിന് നാം ബോധനം നല്‍കി. അപ്പോള്‍ അതില്‍ നിന്ന് പന്ത്രണ്ടു നീര്‍ചാലുകള്‍ പൊട്ടി ഒഴുകി. ഓരോ വിഭാഗക്കാരും തങ്ങള്‍ക്ക് കുടിക്കാനുള്ള സ്ഥലം മനസ്സിലാക്കി. നാം അവര്‍ക്ക് മേഘത്തണല്‍ നല്‍കുകയും, മന്നായും കാടപക്ഷികളും നാം അവര്‍ക്ക് ഇറക്കികൊടുക്കുകയും ചെയ്തു. നിങ്ങള്‍ക്കു നാം നല്‍കിയിട്ടുള്ള വിശിഷ്ട വസ്തുക്കളില്‍ നിന്ന് തിന്നുകൊള്ളുക (എന്ന് നാം നിര്‍ദേശിക്കുകയും ചെയ്തു.) (അവരുടെ ധിക്കാരം നിമിത്തം) നമുക്ക് അവര്‍ ഒരു ദ്രോഹവും വരുത്തിയിട്ടില്ല. എന്നാല്‍ അവര്‍ ദ്രോഹം വരുത്തിവെച്ചിരുന്നത് അവര്‍ക്കു തന്നെയാണ്.
(161) നിങ്ങള്‍ ഈ രാജ്യത്ത് താമസിക്കുകയും ഇവിടെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളേടത്ത് നിന്ന് തിന്നുകയും ചെയ്ത് കൊള്ളുക. നിങ്ങള്‍ പാപമോചനത്തിന് പ്രാര്‍ത്ഥിക്കുകയും, തലകുനിച്ച് കൊണ്ട് പട്ടണവാതില്‍ കടക്കുകയും ചെയ്യുക. എങ്കില്‍ നിങ്ങളുടെ തെറ്റുകള്‍ നിങ്ങള്‍ക്കു നാം പൊറുത്തുതരുന്നതാണ്. സല്‍കര്‍മ്മകാരികള്‍ക്ക് വഴിയെ നാം കൂടുതല്‍ കൊടുക്കുന്നതുമാണ് എന്ന് അവരോട് പറയപ്പെട്ട സന്ദര്‍ഭവും (ഓര്‍ക്കുക.)
(162) അപ്പോള്‍ അവരിലുള്ള അക്രമികള്‍ അവരോട് നിര്‍ദേശിക്കപ്പെട്ടതില്‍ നിന്ന് വ്യത്യസ്തമായിട്ട് വാക്കു മാറ്റിപ്പറയുകയാണ് ചെയ്തത്. അവര്‍ അക്രമം ചെയ്ത്കൊണ്ടിരുന്നതിന്‍റെ ഫലമായി നാം അവരുടെ മേല്‍ ആകാശത്ത് നിന്ന് ഒരു ശിക്ഷ അയച്ചു.
(163) കടല്‍ത്തീരത്ത് സ്ഥിതിചെയ്തിരുന്ന ആ പട്ടണത്തെപ്പറ്റി നീ അവരോട് ചോദിച്ച് നോക്കൂ. (അതായത്) ശബ്ബത്ത് ദിനം (ശനിയാഴ്ച) ആചരിക്കുന്നതില്‍ അവര്‍ അതിക്രമം കാണിച്ചിരുന്ന സന്ദര്‍ഭത്തെപ്പറ്റി. അവരുടെ ശബ്ബത്ത് ദിനത്തില്‍ അവര്‍ക്ക് ആവശ്യമുള്ള മത്സ്യങ്ങള്‍ വെള്ളത്തിനു മീതെ തലകാണിച്ചുകൊണ്ട് അവരുടെ അടുത്ത് വരുകയും അവര്‍ക്ക് ശബ്ബത്ത് ആചരിക്കാനില്ലാത്ത ദിവസത്തില്‍ അവരുടെ അടുത്ത് അവ വരാതിരിക്കുകയും ചെയ്തിരുന്നസന്ദര്‍ഭം. അവര്‍ ധിക്കരിച്ചിരുന്നതിന്‍റെ ഫലമായി അപ്രകാരം നാം അവരെ പരീക്ഷിക്കുകയായിരുന്നു.