(77) തീര്‍ച്ചയായും ഇത് സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു.
(78) തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്‍റെ വിധിയിലൂടെ അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുന്നതാണ്. അവനത്രെ പ്രതാപിയും സര്‍വ്വജ്ഞനും.
(79) അതിനാല്‍ നീ അല്ലാഹുവെ ഭരമേല്‍പിച്ചു കൊള്ളുക. തീര്‍ച്ചയായും നീ സ്പഷ്ടമായ സത്യത്തില്‍ തന്നെയാകുന്നു.
(80) മരണപ്പെട്ടവരെ നിനക്ക് കേള്‍പിക്കാനാവുകയില്ല; തീര്‍ച്ച. ബധിരന്‍മാര്‍ പുറംതിരിച്ചു മാറിപോയാല്‍ അവരെയും നിനക്ക് വിളികേള്‍പിക്കാനാവില്ല.
(81) അന്ധന്‍മാരെ അവരുടെ ദുര്‍മാര്‍ഗത്തില്‍ നിന്നും നേര്‍വഴിക്ക് കൊണ്ടുവരാനും നിനക്ക് കഴിയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും തന്നിമിത്തം കീഴൊതുങ്ങുന്നവരായിരിക്കുകയും ചെയ്യുന്നവരെയല്ലാതെ നിനക്ക് കേള്‍പിക്കാനാവില്ല.
(82) ആ വാക്ക് അവരുടെ മേല്‍ വന്നുഭവിച്ചാല്‍ ഭൂമിയില്‍ നിന്ന് ഒരു ജന്തുവെ നാം അവരുടെ നേരെ പുറപ്പെടുവിക്കുന്നതാണ്. മനുഷ്യര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢവിശ്വാസം കൊള്ളാതിരിക്കുകയാകുന്നു എന്ന വിഷയം അത് അവരോട് സംസാരിക്കുന്നതാണ്.
(83) ഓരോ സമുദായത്തില്‍ നിന്നും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളുന്ന ഓരോ സംഘത്തെ നാം ഒരുമിച്ചുകൂട്ടുകയും, അങ്ങനെ അവര്‍ ക്രമത്തില്‍ നിര്‍ത്തപ്പെടുകയും ചെയ്യുന്ന ദിവസത്തെ (ഓര്‍ക്കുക.)
(84) അങ്ങനെ അവര്‍ വന്നു കഴിഞ്ഞാല്‍ അവന്‍ പറയും: എന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റി തികച്ചും മനസ്സിലാക്കാതെ നിങ്ങള്‍ അവയെ നിഷേധിച്ച് തള്ളുകയാണോ ചെയ്തത്? അതല്ല, എന്താണ് നിങ്ങള്‍ ചെയ്തു കൊണ്ടിരുന്നത്.?
(85) അവര്‍ അക്രമം പ്രവര്‍ത്തിച്ചതു നിമിത്തം (ശിക്ഷയെപ്പറ്റിയുള്ള) വാക്ക് അവരുടെ മേല്‍ വന്നു ഭവിച്ചു. അപ്പോള്‍ അവര്‍ (യാതൊന്നും) ഉരിയാടുകയില്ല.
(86) രാത്രിയെ നാം അവര്‍ക്ക് സമാധാനമടയാനുള്ളതാക്കുകയും, പകലിനെ പ്രകാശമുള്ളതാക്കുകയും ചെയ്തിരിക്കുന്നു എന്നവര്‍ കണ്ടില്ലേ? വിശ്വസിക്കുന്ന ജനങ്ങള്‍ക്കു തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.
(87) കാഹളത്തില്‍ ഊതപ്പെടുന്ന ദിവസത്തെ (ഓര്‍ക്കുക). അപ്പോള്‍ ആകാശങ്ങളിലുള്ളവരും, ഭൂമിയിലുള്ളവരും ഭയവിഹ്വലരായിപ്പോകും; അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. എല്ലാവരും എളിയവരായിക്കൊണ്ട് അവന്‍റെ അടുത്ത് ചെല്ലുകയും ചെയ്യും.
(88) പര്‍വ്വതങ്ങളെ നീ കാണുമ്പോള്‍ അവ ഉറച്ചുനില്‍ക്കുന്നതാണ് എന്ന് നീ ധരിച്ച് പോകും. എന്നാല്‍ അവ മേഘങ്ങള്‍ ചലിക്കുന്നത് പോലെ ചലിക്കുന്നതാണ്. എല്ലാകാര്യവും കുറ്റമറ്റതാക്കിത്തീര്‍ത്ത അല്ലാഹുവിന്‍റെ പ്രവര്‍ത്തനമത്രെ അത്. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.