(187) വേദഗ്രന്ഥം നല്‍കപ്പെട്ടവരോട് നിങ്ങളത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കണമെന്നും, നിങ്ങളത് മറച്ച് വെക്കരുതെന്നും അല്ലാഹു കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക) എന്നിട്ട് അവരത് (വേദഗ്രന്ഥം) പുറകോട്ട് വലിച്ചെറിയുകയും, തുച്ഛമായ വിലയ്ക്ക് അത് വിറ്റുകളയുകയുമാണ് ചെയ്തത്. അവര്‍ പകരം വാങ്ങിയത് വളരെ ചീത്ത തന്നെ.
(188) തങ്ങള്‍ ചെയ്തതില്‍ സന്തോഷം കൊള്ളുകയും ചെയ്തിട്ടില്ലാത്ത കാര്യത്തിന്‍റെ പേരില്‍ പ്രശംസിക്കപ്പെടാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന ആ വിഭാഗത്തെപ്പറ്റി അവര്‍ ശിക്ഷയില്‍ നിന്ന് മുക്തമായ അവസ്ഥയിലാണെന്ന് നീ വിചാരിക്കരുത്. അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്.
(189) അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
(190) തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.
(191) നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ.
(192) ഞങ്ങളുടെ രക്ഷിതാവേ, നീ വല്ലവനെയും നരകത്തില്‍ പ്രവേശിപ്പിച്ചാല്‍ അവനെ നിന്ദ്യനാക്കിക്കഴിഞ്ഞു. അക്രമികള്‍ക്ക് സഹായികളായി ആരുമില്ല താനും.
(193) ഞങ്ങളുടെ രക്ഷിതാവേ, സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന ഒരു പ്രബോധകന്‍ നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കുവിന്‍ എന്നു പറയുന്നത് ഞങ്ങള്‍ കേട്ടു. അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ഞങ്ങളുടെ തിന്‍മകള്‍ ഞങ്ങളില്‍ നിന്ന് നീ മായ്ച്ചുകളയുകയും ചെയ്യേണമേ. പുണ്യവാന്‍മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ.
(194) ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ ദൂതന്‍മാര്‍ മുഖേന ഞങ്ങളോട് നീ വാഗ്ദാനം ചെയ്തത് ഞങ്ങള്‍ക്ക് നല്‍കുകയും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഞങ്ങള്‍ക്കു നീ നിന്ദ്യത വരുത്താതിരിക്കുകയും ചെയ്യേണമേ. നീ വാഗ്ദാനം ലംഘിക്കുകയില്ല; തീര്‍ച്ച.