(100) മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.
(101) നിങ്ങളുടെ ചുറ്റുമുള്ള അഅ്‌റാബികളുടെ കൂട്ടത്തിലും കപടവിശ്വാസികളുണ്ട്. മദീനക്കാരുടെ കൂട്ടത്തിലുമുണ്ട്. കാപട്യത്തില്‍ അവര്‍ കടുത്തുപോയിരിക്കുന്നു. നിനക്ക് അവരെ അറിയില്ല. നമുക്ക് അവരെ അറിയാം. രണ്ട് പ്രാവശ്യം നാം അവരെ ശിക്ഷിക്കുന്നതാണ്.പിന്നീട് വമ്പിച്ച ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുന്നതുമാണ്.
(102) തങ്ങളുടെ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ വേറെ ചിലരുണ്ട്. (കുറെ) സല്‍കര്‍മ്മവും, വേറെ ദുഷ്കര്‍മ്മവുമായി അവര്‍ കൂട്ടികലര്‍ത്തിയിരിക്കുന്നു. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചെന്ന് വരാം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
(103) അവരെ ശുദ്ധീകരിക്കുകയും , അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന് നീ വാങ്ങുകയും, അവര്‍ക്കുവേണ്ടി (അനുഗ്രഹത്തിന്നായി) പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്‍റെ പ്രാര്‍ത്ഥന അവര്‍ക്ക് ശാന്തി നല്‍കുന്നതത്രെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
(104) അല്ലാഹു തന്നെയാണ് തന്‍റെ ദാസന്‍മാരുടെ പശ്ചാത്താപം സ്വീകരിക്കുകയും, ദാനധര്‍മ്മങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്നതെന്നും അല്ലാഹു തന്നെയാണ് പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമെന്നും അവര്‍ മനസ്സിലാക്കിയിട്ടില്ലേ?
(105) (നബിയേ,) പറയുക: നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊള്ളുക. അല്ലാഹുവും അവന്‍റെ ദൂതനും സത്യവിശ്വാസികളും നിങ്ങളുടെ പ്രവര്‍ത്തനം കണ്ടുകൊള്ളും. അദൃശ്യവും ദൃശ്യവും അറിയുന്നവന്‍റെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുന്നതും, നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതുമാണ്.
(106) അല്ലാഹുവിന്‍റെ കല്‍പന കിട്ടുന്നത് വരെ തീരുമാനം മേറ്റീവ്ക്കപ്പെട്ട മറ്റുചിലരുമുണ്ട്. ഒന്നുകില്‍ അവന്‍ അവരെ ശിക്ഷിക്കും. അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.