(152) ഏറ്റവും ഉത്തമമായ മാര്‍ഗത്തിലൂടെയല്ലാതെ നിങ്ങള്‍ അനാഥയുടെ സ്വത്തിനെ സമീപിച്ചു പോകരുത്. അവന്ന് കാര്യപ്രാപ്തി എത്തുന്നത് വരെ (നിങ്ങള്‍ അവന്‍റെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കണം.) നിങ്ങള്‍ നീതിപൂര്‍വ്വം അളവും തൂക്കവും തികച്ചുകൊടുക്കണം. ഒരാള്‍ക്കും അയാളുടെ കഴിവിലുപരിയായി നാം ബാധ്യത ചുമത്തുന്നതല്ല. നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ നീതി പാലിക്കുക. അതൊരു ബന്ധുവിന്‍റെ കാര്യത്തിലായിരുന്നാല്‍ പോലും. അല്ലാഹുവോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുക. നിങ്ങള്‍ ശ്രദ്ധിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്.
(153) ഇതത്രെ എന്‍റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്‍റെ (അല്ലാഹുവിന്‍റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്.
(154) നന്‍മചെയ്തവന്ന് (അനുഗ്രഹത്തിന്‍റെ) പൂര്‍ത്തീകരണമായിക്കൊണ്ടും, എല്ലാകാര്യത്തിനുമുള്ള വിശദീകരണവും മാര്‍ഗദര്‍ശനവും കാരുണ്യവുമായിക്കൊണ്ടും പിന്നീട് മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കി. തങ്ങളുടെ രക്ഷിതാവുമായുള്ള കൂടിക്കാഴ്ചയില്‍ അവര്‍ വിശ്വസിക്കുന്നവരാകാന്‍ വേണ്ടി.
(155) ഇതാകട്ടെ നാം അവതരിപ്പിച്ച നന്‍മ നിറഞ്ഞ ഗ്രന്ഥമത്രെ. അതിനെ നിങ്ങള്‍ പിന്‍പറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.
(156) ഞങ്ങളുടെ മുമ്പുള്ള രണ്ട് വിഭാഗങ്ങള്‍ക്ക് മാത്രമേ വേദഗ്രന്ഥം അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂ. അവര്‍ വായിച്ചുപഠിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി ഞങ്ങള്‍ തീര്‍ത്തും ധാരണയില്ലാത്തവരായിരുന്നു എന്ന് നിങ്ങള്‍ പറഞ്ഞേക്കാം എന്നതിനാലാണ് (ഇതവതരിപ്പിച്ചത്.)
(157) അല്ലെങ്കില്‍, ഞങ്ങള്‍ക്ക് ഒരു വേദഗ്രന്ഥം അവതരിച്ച് കിട്ടിയിരുന്നെങ്കില്‍ ഞങ്ങള്‍ അവരെക്കാള്‍ സന്‍മാര്‍ഗികളാകുമായിരുന്നു എന്ന് നിങ്ങള്‍ പറഞ്ഞേക്കാം എന്നതിനാല്‍. അങ്ങനെ നിങ്ങള്‍ക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് വ്യക്തമായ പ്രമാണവും മാര്‍ഗദര്‍ശനവും കാരുണ്യവും വന്നുകിട്ടിയിരിക്കുന്നു. എന്നിട്ടും അല്ലാഹുവിന്‍റെ തെളിവുകളെ നിഷേധിച്ചുതള്ളുകയും, അവയില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? നമ്മുടെ തെളിവുകളില്‍ നിന്ന് തിരിഞ്ഞ് കളയുന്നവര്‍ക്ക് അവര്‍ തിരിഞ്ഞ് കളഞ്ഞുകൊണ്ടിരുന്നതിന് പ്രതിഫലമായി നാം കടുത്ത ശിക്ഷ നല്‍കുന്നതാണ്.